സന: യെമനിൽ വധശിക്ഷയ്‌ക്ക് വിധിച്ച് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനുള്ള ശ്രമങ്ങൾ അമ്മ പ്രേമകുമാരി ഉടൻ ആരംഭിക്കും. ഇന്ന് മുതൽ മൂന്ന് ദിവസം യെമനിൽ പൊതു അവധിയാണ്. അത് കഴിയുന്നതോടെ പ്രേമകുമാരിയും സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ പ്രതിനിധിയുമായ സാമുവൽ ജെറോമും മോചനത്തിനുള്ള ശ്രമങ്ങൾ ആരംഭിക്കും.
ഇവരെ സഹായിക്കാൻ ഇന്ത്യൻ എംബസി നിയോഗിച്ച അഭിഭാഷകനും സനയിലെത്തിയിട്ടുണ്ട്. നിമിഷപ്രിയയെ കഴിഞ്ഞ ദിവസം പ്രേമകുമാരി ജയിലിൽ സന്ദർശിച്ചിരുന്നു. 12 വർഷങ്ങൾക്ക് ശേഷമാണ് അമ്മയും മകളും നേരിൽ കാണുന്നത്. കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബവുമായും ഗോത്രവർഗ നേതാക്കളുമായുമുള്ള കൂടിക്കാഴ്‌ചക്കാണ് ഇവർ ശ്രമിക്കുക.
യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നൽകിയാൽ പ്രതിക്ക് ശിക്ഷായിളവ് ലഭിക്കും. ബ്ളഡ് മണി നൽകിയുള്ള മോചനത്തിനാണ് ഇവർ ശ്രമിക്കുക. 2017 ജൂലൈ 25നാണ് നിമിഷ പ്രിയ യെമന്‍കാരനായ തലാല്‍ അബ്‌ദുമഹ്ദിയെ കൊലപ്പെടുത്തി വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചത്. തലാലിനൊപ്പം ക്ളിനിക് നടത്തുകയായിരുന്നു നിമിഷ. സ്വന്തമായി ക്ളിനിക് തുടങ്ങാന്‍ സഹായ വാഗ്‌ദാനവുമായി വന്ന ഇയാൾ പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം.
എന്നാൽ, അബ്‌ദുമഹ്ദിയുടെ മൃതദേഹം ഇവർ താമസിച്ചിരുന്ന വീടിന് മുകളിലെ ടാങ്കിൽ വെട്ടിനുറുക്കിയ നിലയിലാണ് കണ്ടെത്തിയത്. ഇക്കാര്യം തനിക്കറിയില്ലെന്ന നിമിഷപ്രിയയുടെ വാദം വിചാരണ കോടതി അംഗീകരിച്ചില്ല. വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ടതോടെ സുപ്രീം കോടതിവരെ അപ്പീൽ പോയെങ്കിലും ശിക്ഷ ശിക്ഷ ശരിവെക്കുകയായിരുന്നു.
ക്രൂരപീഡനത്തിന് ഇരയായ നിമിഷ, ക്ളിനിക്കിൽ ജോലി ചെയ്‌തിരുന്ന യുവതിയുടെയും മറ്റൊരു യുവാവിന്റെയും നിർദ്ദേശ പ്രകാരം അമിത ഡോസ് മരുന്ന് കുത്തിവെച്ചതാണ് മരണത്തിന് ഇടയാക്കിയത്. മരുന്ന് കുത്തിവെക്കാൻ സഹായിച്ച തദ്ദേശിയായ നഴ്‌സ് ഹാൻ ഇതേ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്.
Most Read| കൊച്ചുമിടുക്കി ഫെസ്‌ലിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്!