കോഴിക്കോട്: ജില്ലയിലെ വലിയങ്ങാടിയിലെ ഗണ്ണി സ്ട്രീറ്റിൽ നടന്ന മോഷണ ദൃശ്യങ്ങൾ പുറത്ത്. വലിയങ്ങാടി സ്വദേശി അബ്ദുൽ സലാമിന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. മാതാപിതാക്കളെ പൂട്ടിയിട്ട് മകളുടെ മുഖത്ത് മുളകുപൊടി വിതറിയാണ് മോഷണശ്രമം നടത്തിയത്. ഞാറാഴ്ച പുലർച്ചെയായിരുന്നു സംഭവം. സംഭവത്തിൽ പ്രതിയുടേതെന്ന് സംശയിക്കുന്ന ചില ദൃശ്യങ്ങൾ ലഭിച്ചതായി അന്വേഷണ സംഘം അറിയിച്ചു. വലിയങ്ങാടി പോലീസാണ് കേസ് അന്വേഷണം നടത്തുന്നത്.
വീടിന്റെ ജനലഴി മുറിച്ചു മാറ്റിയാണ് കള്ളൻ അകത്തേക്ക് കടന്നത്. അബ്ദുൽ സലാമും ഭാര്യയും കിടന്നിരുന്ന മുറി പുറത്ത് നിന്ന് പൂട്ടിയ ശേഷം മകളുടെ മുറിയിൽ കയറി ബ്രേസ്ലെറ്റ് അഴിച്ചെടുക്കാനുള്ള ശ്രമത്തിനിടെയാണ് മകൾ ഞെട്ടിയുണർന്നത്. തുടർന്ന് കുട്ടി ബഹളം വെച്ചതോടെ മുഖത്ത് മുളക്പൊടി വിതറി കള്ളൻ ഓടി രക്ഷപെടുകയായിരുന്നു. തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയായിരുന്നു.
വീടിന് പരിസരത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് കള്ളന്റേതെന്ന് സംശയിക്കുന്ന ചില ചിത്രങ്ങൾ പൊലീസിന് ലഭിച്ചത്. എന്നാൽ, വ്യക്തത കുറവ് മൂലം ആളെ തിരിച്ചറിയാൻ സാധിക്കുന്നില്ലെന്നും, കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണെന്നും അന്വേഷണ സംഘം അറിയിച്ചു. അന്നേ ദിവസം തന്നെ പരിസരത്തെ മറ്റ് വീടുകളിലും മോഷണം നടത്താൻ കള്ളൻ ശ്രമിച്ചതായും വിവരമുണ്ട്.
Most Read: പോലീസുകാരുടെ സല്യൂട്ട്; മാർഗ നിർദ്ദേശം തയ്യാറാക്കാൻ സർക്കാർ ഒരുങ്ങുന്നു








































