പെർത്ത്: ബോർഡർ- ഗാവസ്‌കർ ട്രോഫിക്കുവേണ്ടിയുള്ള ക്രിക്കറ്റ് പരമ്പരയിലെ ഒന്നാം ടെസ്‌റ്റിൽ ഇന്ത്യക്ക് 295 റൺസിന്റെ മിന്നും വിജയം. ബുമ്രയും സിറാജും കരുത്തുകാട്ടിയപ്പോൾ പെർത്തിൽ ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ നിലയുറപ്പിക്കാനാകാതെ ഓസീസ് ബാറ്റർമാർ വീണു. 534 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസ് രണ്ടാം ഇന്നിങ്സിൽ 238 റൺസിന് പുറത്തായി.
സ്‌കോർ: ഇന്ത്യ- 150, 487-6, ഓസ്‌ട്രേലിയ- 104, 238. ക്യാപ്റ്റൻ രോഹിത് ശർമയില്ലാതിരുന്നിട്ടും കൂറ്റൻ വിജയമാണ് ഇന്ത്യ നേടിയത്. 101 പന്തുകൾ നേരിട്ട് 89 റൺസെടുത്ത ട്രാവിസ് ഹെഡാണ് രണ്ടാം ഇന്നിങ്സിൽ ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറർ. മിഷൽ മാർഷ് (47 പന്തിൽ 47), അലക്‌സ് ക്യാരി (58 പന്തിൽ 36) എന്നിവരും ഇന്ത്യയുടെ ബോളിങ് ആക്രമണത്തെ കുറച്ചുനേരമെങ്കിലും ചെറുത്തുനിന്നു.
രണ്ടാം ഇന്നിങ്സിൽ 17 റൺസെടുക്കുന്നതിനിടെ നാല് വിക്കറ്റുകൾ നഷ്‌ടമായ ഓസീസിന്റെ മുൻനിര അപ്പാടെ തകർന്നുപോയി. മുഹമ്മദ് സിറാജും ജസ്‌പ്രീത് ബുമ്രയും ഏൽപ്പിച്ച പ്രഹരത്തിൽ നിന്ന് ഓസ്‌ട്രേലിയക്ക് പിന്നീട് കരകയറാനും സാധിച്ചില്ല.
ഇന്ത്യക്കായി ബുമ്രയും സിറാജും മൂന്ന് വിക്കറ്റുകൾ വീതം വീഴ്‌ത്തി. വാഷിങ്ടൻ സുന്ദർ രണ്ടും നിതീഷ് കുമാർ റെഡ്‌ഡി, ഹർഷിത് റാണ എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. ആദ്യ ഇന്നിങ്സിൽ 150 റൺസെടുത്ത ഇന്ത്യ ഓസീസിനെ 104ന് പുറത്താക്കിയിരുന്നു. ആദ്യ ഇന്നിങ്‌സിലെ ബാറ്റിങ് തകർച്ചയ്‌ക്ക് തീപ്പൊരി ബോളിങ്ങും രണ്ടാം ഇന്നിങ്സിലെ ബാറ്റിങ് പ്രകടനവും കൊണ്ട് മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യ.
Most Read| വവ്വാലുകൾക്കായി സൗന്ദര്യ മൽസരം! അണിനിരക്കുക വിചിത്രമായ പേരുകളുള്ളവ