കോട്ടയം: ഓട്ടോറിക്ഷയിൽ മീറ്റർ പ്രവർത്തിപ്പിക്കാത്തവർക്ക് എതിരെ നാളെ മുതൽ കർശന നടപടി. ‘മീറ്റർ ഇട്ടില്ലെങ്കിൽ യാത്ര സൗജന്യം’ എന്ന സ്‌റ്റിക്കർ നാളെ മുതൽ എല്ലാ ഓട്ടോകളിലും പതിപ്പിക്കണം. ഓട്ടോറിക്ഷയുടെ ഫിറ്റ്‌നസ് പരിശോധനയിൽ ഈ സ്‌റ്റിക്കർ നിർബന്ധമാക്കും. ഇക്കാര്യം സർക്കാരിനും റിപ്പോർട് ചെയ്യും.
മോട്ടോർ വാഹന വകുപ്പിന് കൊച്ചി സ്വദേശി കെപി മത്ത്യാസ് ഫ്രാൻസിസ് സമർപ്പിച്ച നിർദ്ദേശമാണ് മാർച്ച് ഒന്നുമുതൽ നടപ്പിലാക്കുന്നത്. വിദേശത്ത് ഓട്ടോറിക്ഷകളിലെ യാത്രാവേളയിൽ ഫെയർ മീറ്റർ പ്രവർത്തിപ്പിക്കാതിരിക്കുകയോ പ്രവർത്തനരഹിതമാവുകയോ ചെയ്‌താൽ മീറ്റർ പ്രവർത്തിക്കുന്നില്ലെങ്കിൽ യാത്ര സൗജന്യം എന്ന സ്‌റ്റിക്കർ യാത്രക്കാരന് ദൃശ്യമാകും വിധം പതിച്ചിരിക്കണമെന്ന് ട്രാൻസ്‌പോർട്ട് റോഡ് സുരക്ഷാ നിയമങ്ങളിൽ നിർദ്ദേശമുണ്ട്.
കേരളത്തിൽ സർവീസ് നടത്തുന്ന ഓട്ടോകളിലും യാത്രാവേളയിൽ ഫെയർ മീറ്റർ പ്രവർത്തിപ്പിക്കാതിരിക്കുകയോ പ്രവർത്തനരഹിതമായിരിക്കുകയോ ചെയ്‌താൽ യാത്ര സൗജന്യം എന്ന് മലയാളത്തിലും ഇംഗ്ളീഷിലും രേഖപ്പെടുത്തി പ്രിന്റ് ചെയ്‌ത സ്‌റ്റിക്കർ ഡ്രൈവർ സീറ്റിന് പിറകിലായോ യാത്രക്കാർക്ക് അഭിമുഖമായോ പതിച്ചിരിക്കണം.
അല്ലെങ്കിൽ ഇതേ സ്‌ഥാനത്ത് ഇരുണ്ട പശ്‌ചാത്തലത്തിൽ വെള്ള അക്ഷരത്തിൽ വായിക്കാൻ കഴിയുന്ന ഫോണ്ട് വലിപ്പത്തിൽ എഴുതി വെയ്‌ക്കണം. ഓട്ടോ യാത്രയ്‌ക്കിടയിലെ അമിത നിരക്ക് ഈടാക്കാൻ സംബന്ധിച്ച പരാതികൾ ചില ഇടങ്ങളിൽ വർധിക്കുന്നതിനാൽ ദുബായിയിൽ സർക്കാരിന്റെ ട്രാൻസ്പോർട്ട് വകുപ്പ് വിജയകരമായി നടപ്പാക്കിയിട്ടുള്ളതും ഓട്ടോകളിൽ പതിപ്പിച്ചിട്ടുള്ളതുമായ സ്‌റ്റിക്കർ സമ്പ്രദായം കേരളത്തിലും നടപ്പാക്കണമെന്നായിരുന്നു കെപി മത്ത്യാസിന്റെ നിർദ്ദേശം.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ