ന്യൂഡെൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്ന കാര്യത്തിൽ കോൺഗ്രസിൽ ഭിന്നാഭിപ്രായം. ക്ഷണം കിട്ടിയ പ്രധാന നേതാക്കൾ പോകില്ലെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ, ചടങ്ങിലേക്ക് പ്രതിനിധി സംഘത്തെ അയക്കുന്ന കാര്യത്തിലും തീരുമാനമായില്ല. അതേസമയം, സംഭവവുമായി ബന്ധപ്പെട്ടു പരസ്യ പ്രസ്താവന വേണ്ടെന്ന് സംസ്ഥാന ഘടകങ്ങൾക്ക് ഹൈക്കമാൻഡ് നിർദ്ദേശം നൽകിയിട്ടുണ്ട്.
ചടങ്ങിൽ പങ്കെടുക്കുന്നതിൽ കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിക്ക് വിയോജിപ്പ് ഉണ്ടെന്നാണ് വിവരം. സോണിയ ഗാന്ധിക്കും മല്ലികാർജുൻ ഖർഗെയ്ക്കും പുറമെ അധിർ രഞ്ജൻ ചൗധരിക്കാണ് കോൺഗ്രസിൽ നിന്ന് ക്ഷണം കിട്ടിയത്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനും ക്ഷണമുണ്ട്. എന്നാൽ, പങ്കെടുക്കുന്ന കാര്യത്തിൽ വിയോജിപ്പ് നിലനിൽക്കുകയാണ്.
സോണിയ ഗാന്ധി ചടങ്ങിൽ പങ്കെടുക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സോണിയ നേരിട്ട് പങ്കെടുത്തില്ലെങ്കിൽ പ്രതിനിധി സംഘത്തെ അയക്കുമെന്നായിരുന്നു പ്രതികരണം. എന്നാൽ, ചടങ്ങിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് കോൺഗ്രസ് ഇതുവരെ ഔദ്യോഗിക പ്രതികരണം അറിയിച്ചിട്ടില്ല.
അതേസമയം, വിഷയത്തിൽ കേരളത്തിൽ കോൺഗ്രസിൽ നിന്നും ഭിന്നാഭിപ്രായങ്ങൾ ഉയർന്നിട്ടുണ്ട്. പങ്കെടുക്കുന്നത് വ്യക്തിപരമെന്ന് ശശി തരൂർ എംപി പ്രതികരിച്ചപ്പോൾ അക്കാര്യത്തിൽ കെപിസിസി അല്ല, മറിച്ചു ഹൈക്കമാൻഡ് ആണ് തീരുമാനിക്കേണ്ടത് എന്നായിരുന്നു അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചത്. ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കേണ്ടതില്ലെന്നാണ് കേരളത്തിലെ കോൺഗ്രസിന്റെ നിലപാടെന്നും ഇക്കാര്യം എഐസിസിയെ അറിയിച്ചിട്ടുണ്ടെന്നും കെ മുരളീധരനും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
എന്നാൽ, കെ മുരളീധരന്റെ അഭിപ്രായം എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും സുധാകരൻ പറഞ്ഞിരുന്നു. അതിനിടെ, അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേത് ആണെന്നും അത് 22ന് അറിയാമെന്നുമാണ് ഒടുവിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. ജനുവരി 22നാണ് രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്.
Most Read| യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ്; ട്രംപിന് മെയ്ൻ സംസ്ഥാനത്ത് മൽസരിക്കാനും വിലക്ക്