മലപ്പുറം: നിലമ്പൂർ ഫോറസ്‌റ്റ് ഓഫീസ് ആക്രമിച്ച കേസിൽ അറസ്‌റ്റിലായ പിവി അൻവർ എംഎൽഎയ്‌ക്ക് ജാമ്യം. നിലമ്പൂർ ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ആൾജാമ്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. ഉത്തരവ് ലഭിച്ചാലുടൻ അൻവർ ജയിലിൽ നിന്ന് പുറത്തിറങ്ങും.
അതേസമയം, പിവി അൻവറിനെ കസ്‌റ്റഡിയിൽ വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി തള്ളി. ഞായറാഴ്‌ച രാത്രി അറസ്‌റ്റിലായ അൻവറിനെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്‌തത്. നിലവിൽ തവനൂർ സെൻട്രൽ ജയിലിലാണ് അൻവറുള്ളത്. ജനകീയ വിഷയത്തിൽ ന്യായമായ പ്രതിഷേധമാണ് നടത്തിയതെന്നും താൻ നേരിട്ട് ഫോറസ്‌റ്റ് സ്‌റ്റേഷൻ അക്രമിച്ചിട്ടില്ലെന്നും അൻവർ കോടതിയെ അറിയിച്ചു.
അതേസമയം, എഫ്‌ഐആറിൽ 11 ആളുകളുടെ പേരുണ്ടായിട്ടും റിപ്പോർട്ടിൽ അൻവറിന്റെ പേര് മാത്രമേയുള്ളൂവെന്നും അതെന്തുകൊണ്ടാണെന്നും കോടതി ആരാഞ്ഞു. അൻവർ ഒന്നാം പ്രതിയായി 11 പേർക്കെതിരെയാണ് പോലീസ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തത്. കൃത്യനിർവഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പോലീസ് ഉദ്യോഗസ്‌ഥനെ മർദ്ദിച്ചെന്നും എഫ്‌ഐആറിൽ പരാമർശമുണ്ടായിരുന്നു.
Most Read| ഓരോ ആറുമണിക്കൂറിലും ഒരു ഇന്ത്യക്കാരനെ വീതം നാടുകടത്തി യുഎസ്; ആശങ്ക







































