കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാർ പീഡിപ്പിച്ചെന്ന് ആരോപിച്ച് പരാതി നൽകിയ കണ്ണൂർ സ്വദേശിനി ഇന്ന് അന്വേഷണ സംഘത്തിന് മൊഴി നൽകും. ഇതിനായി പരാതിക്കാരി എറണാകുളം എളമക്കര പോലീസ് സ്റ്റേഷനിലെത്തി. അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥൻ ഹൈടെക് സെൽ എസിപി ബിജുമോൻ എത്തിയാൽ ഉടൻ മൊഴിയെടുക്കൽ ആരംഭിക്കും.
കണ്ണൂർ സ്വദേശിനിയായ യുവതിയെ ബാലചന്ദ്രകുമാർ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തുകയും പുറത്തു പറഞ്ഞാൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്ക് ലഭിച്ച പരാതി എളമക്കര പോലീസിന് കൈമാറുകയും അന്വേഷണം ഡിവൈഎസ്പി ബിജുമോന് കൈമാറുകയും ആയിരുന്നു.
പത്തു വർഷത്തിലേറെ പഴക്കമുള്ള കേസായതിനാൽ ഡിജിറ്റൽ തെളിവുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇതിന്റെ ഭാഗമായാണ് കേസ് ഹൈടെക് സെല്ലിന് കൈമാറിയത്. യുവതിയുടെ മൊഴി രേഖപ്പെടുത്തി കഴിഞ്ഞാൽ ഇവരെ കോടതിയിൽ മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കും. തുടർന്ന് പ്രതി സ്ഥാനത്തുള്ള ബാലചന്ദ്രകുമാറിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം.
Read Also: ഇഡി സമൻസ്; ഈ മാസം 15ന് ഹാജരാവാമെന്ന് സ്വപ്ന സുരേഷ്










































