ന്യൂഡെൽഹി: ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന ഗുണനിലവാരം കുറഞ്ഞ പ്ളാസ്റ്റിക് ഉൽപന്നങ്ങളുടെ നിരോധനം പ്രഖ്യാപിച്ചതോടെ രാജ്യത്തെ ബഹുഭൂരിപക്ഷം ആളുകളും സംശയത്തിലാണ്. നിരോധനം ഏത് രീതിയിലാകും നടപ്പിലാക്കുക, ബദൽ മാർഗങ്ങൾ എന്തൊക്കെയാകും എന്നിങ്ങനെയുള്ള ആശങ്കകൾ പലരും പങ്കുവെക്കുന്നുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് പൊതുജന അഭിപ്രായം അറിയിക്കാനുള്ള അവസരം എല്ലാവർക്കും ഉപയോഗിക്കാവുന്നതാണ്.
കൃത്യമായ ആശയങ്ങൾ, ചോദ്യങ്ങൾ എന്നിവ ഇതിലൂടെ അറിയിക്കാനും ഉന്നയിക്കാനും ജനങ്ങൾക്ക് കഴിയും. ഇത് വരാൻ പോകുന്ന ഭേദഗതിയുടെ ഭാവി നിർണയിക്കുന്നതാണ്. അടുത്ത വർഷം ജനുവരി ഒന്ന്, ജൂലായ് ഒന്ന് എന്നിങ്ങനെ രണ്ടുഘട്ടങ്ങളായിട്ടാവും നിരോധനം ഏർപ്പെടുത്തി തുടങ്ങുക. 120 മൈക്രോണിൽ കുറഞ്ഞ കനമുള്ള പോളിത്തീൻ ബാഗുകൾ ഉപയോഗിക്കുന്നത് ഇക്കൊല്ലം സെപ്റ്റംബർ 30 മുതലും വിലക്കും.
വിലക്ക് ഏർപ്പെടുത്തിക്കഴിഞ്ഞാൽ പിന്നെ ഇവ നിർമിക്കാനോ ഇറക്കുമതി ചെയ്യാനോ വിൽക്കാനോ ഉപയോഗിക്കാനോ പറ്റില്ല. സംസ്കരിച്ച് വീണ്ടും ഉപയോഗിക്കാൻ പറ്റാത്ത എല്ലാത്തരം പ്ളാസ്റ്റിക്കുകളും രാജ്യത്ത് ഇല്ലാതാക്കുകയാണ് ലക്ഷ്യം. പ്ളാസ്റ്റിക് മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ചട്ടം ഭേദഗതി ചെയ്യാനുള്ള കരട് (പ്ളാസ്റ്റിക് മാലിന്യം കൈകാര്യം ചെയ്യൽ ഭേദഗതി ചട്ടം) പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കി.
മേയ് 11 വരെ ഇതുമായി ബന്ധപ്പെട്ട പൊതുജന അഭിപ്രായം അറിയിക്കാം. അവയെല്ലാം പരിഗണിച്ചായിരിക്കും അന്തിമവിജ്ഞാപനം. പ്ളാസ്റ്റിക് മാലിന്യം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് 2016 മാർച്ച് 18ന് പ്രാബല്യത്തിൽ വന്ന ചട്ടമാണ് ഭേദഗതി ചെയ്യുന്നത്.
2022 ജനുവരി ഒന്നിന് നിരോധിക്കുന്നവ
പ്ളാസ്റ്റിക് തണ്ടുള്ള ഇയർ ബഡുകൾ, ബലൂണുകൾ, പ്ളാസ്റ്റിക് കൊടികൾ, മിഠായി-ഐസ്ക്രീം തണ്ടുകൾ എന്നിവ പൂർണമായും നിരോധിക്കും.
2022 ജൂലായ് ഒന്നിന് നിരോധിക്കുന്നവ
ക്ഷണക്കത്തുകൾ, സിഗററ്റ് പാക്കറ്റുകൾ, 100 മൈക്രോണിൽ താഴെ കനമുള്ള പ്ളാസ്റ്റിക് ഉൽപന്നങ്ങൾ, പിവിസി ബാനറുകൾ എന്നിവയും ഇല്ലാതാവും.
Read Also: കുറ്റവാളിയായി പ്രഖ്യാപിച്ചത് കോടതിയല്ല, ഒരുപറ്റം ചാനലുകൾ; ദിഷാ രവി








































