കുറ്റവാളിയായി പ്രഖ്യാപിച്ചത് കോടതിയല്ല, ഒരുപറ്റം ചാനലുകൾ; ദിഷാ രവി

By Syndicated , Malabar News
Disha-Ravi
Ajwa Travels

ന്യൂഡെല്‍ഹി: റേറ്റിങ്ങിനായി ആര്‍ത്തിപൂണ്ട് നടക്കുന്ന ചാനലുകളാണ് തന്നെ കുറ്റവാളിയായി പ്രഖ്യാപിച്ചതെന്ന് യുവ പരിസ്‌ഥിതി പ്രവർത്തക ദിഷാ രവി. ഗ്രെറ്റ ടൂള്‍കിറ്റ് കേസില്‍ അറസ്‌റ്റിന്‌ ശേഷം സംഭവങ്ങളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു  ദിഷ. കോടതിയല്ല ചാനലുകളാണ് തന്നെ കുറ്റവാളിയായി പ്രഖ്യാപിച്ചതെന്നും തന്റെ വ്യക്‌തിസ്വാതന്ത്ര്യം ഹനിക്കപ്പെട്ടതു പോലെയാണ് ആ സമയത്ത് തോന്നിയതെന്നും ദിഷ പറയുന്നു.

ഗ്രെറ്റ ടൂള്‍കിറ്റ് കേസില്‍ കഴിഞ്ഞ ഫെബ്രുവരി 13നാണ് ദിഷയെ ഡെല്‍ഹി പൊലീസ് അറസ്‌റ്റ് ചെയ്‌തത്‌. പത്ത് ദിവസത്തിന് ശേഷം തെളിവുകളുടെ അഭാവത്തിൽ ഡെല്‍ഹി കോടതി വിട്ടയക്കുകയായിരുന്നു. അന്താരാഷ്‍ട്ര തലത്തില്‍ തന്നെ കനത്ത പ്രതിഷേധത്തിനാണ് ദിഷാ രവിയുടെ അറസ്‌റ്റ് വഴി വച്ചത്. ഇപ്പോൾ അറസ്‌റ്റിനെ കുറിച്ചും തുടര്‍ന്നുണ്ടായ സംഭവങ്ങളെ കുറിച്ചും ട്വിറ്ററിലൂടെ ദിഷ പ്രസ്‌താവന പുറത്തു വിട്ടിരിക്കുകയാണ്.

‘അന്ന് നടന്ന സംഭവങ്ങളൊന്നും യഥാര്‍ഥത്തില്‍ സംഭവിച്ചില്ലെന്ന് എന്നെ തന്നെ പറഞ്ഞു പറ്റിച്ചാണ് ഞാന്‍ ഓരോ ദിവസവും മുന്നോട്ട് പോകുന്നത്. 2021 ഫെബ്രുവരി 13ന് പൊലീസ് എന്റെ വാതിലില്‍ മുട്ടിയില്ല, എന്റെ ഫോണും ലാപ്‌ടോപ്പും എടുത്തുകൊണ്ടു പോയില്ല, എന്നെ അറസ്‌റ്റ് ചെയ്‌തില്ല. അങ്ങനെ വിശ്വസിച്ചാലേ എനിക്ക് ജീവിക്കാന്‍ സാധിക്കുകയുള്ളു എന്ന് തോന്നുന്നു,’ ദിഷ പറയുന്നു.

സംഭവങ്ങളെ കുറിച്ചുള്ള സ്വന്തം അഭിപ്രായമാണ് പങ്കുവെക്കുന്നതെന്നും ഇതിന് ഏതെങ്കിലും ഗ്രൂപ്പുകളുമായി ബന്ധമില്ലെന്നും ദിഷ വ്യക്‌തമാക്കി. തന്റെ അറസ്‌റ്റിനെ കുറിച്ച് വ്യാജവാര്‍ത്തകള്‍ നല്‍കിയ മാദ്ധ്യമങ്ങള്‍ക്ക് എതിരെയും രൂക്ഷമായ ഭാഷയിലാണ് ദിഷ പ്രതികരിച്ചത്.

‘അറസ്‌റ്റിന് ശേഷമുള്ള ദിവസങ്ങളില്‍ എന്റെ വ്യക്‌തിസ്വാതന്ത്ര്യം ആക്രമിക്കപ്പെട്ടു. എന്റെ ചിത്രങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞു, എന്നെ കുറ്റക്കാരിയായി വിധിച്ചത് കോടതി മുറികളല്ലായിരുന്നു, ടിആര്‍പി റേറ്റിങ്ങിനായി ആര്‍ത്തിപൂണ്ട് നടക്കുന്ന ചാനലുകളായിരുന്നു. അവരുടെ സങ്കല്‍പത്തിലുള്ള എന്നെ വാര്‍ത്തെടുത്ത് അവതരിപ്പിക്കുന്നതിന് വേണ്ടി എന്നെ കുറിച്ച് പറഞ്ഞു പരത്തുന്ന കാര്യങ്ങളറിയാതെ ഞാന്‍ അവിടെ ഇരുന്നു,’ ദിഷയുടെ ട്വീറ്റിൽ പറയുന്നു.

പിന്തുണച്ചവര്‍ക്കെല്ലാം നന്ദിയറിച്ച ദിഷ നീതി ലഭിക്കാതെ ജയിലുകളില്‍ കഴിയുന്നവരെ കുറിച്ചും ആശങ്കപ്പെടുന്നുണ്ട്. വില്‍ക്കാന്‍ മാത്രം വിലയില്ലാത്ത കഥകളുള്ള നിരവധി പേര്‍ ജയിലിലുണ്ടെന്നും ചാനലുകളില്‍ വരാന്‍ യോഗ്യതയുണ്ടെന്ന് നിങ്ങള്‍ കരുതാത്ത അവരെ കുറിച്ച് താന്‍ ആശങ്കപ്പെടുന്നുവെന്നും തന്റെ പ്രസ്‌താവനയിൽ ദിഷാ രവി വ്യക്‌തമാക്കുന്നു.

Read also: ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് നന്ദിഗ്രാമിലെ വോട്ടർമാരോട് അഭ്യർഥിക്കും; രാകേഷ് ടിക്കായത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE