കണ്ണൂര്‍ : ജില്ലയിലെ പെരിങ്ങോം പ്രദേശത്ത് വിളവെടുത്ത വാഴക്കുലകള്‍ വാങ്ങാനാളില്ലാതെയും, വിലയില്ലാതെയും കുന്നുകൂടുന്നു. നിരവധി കര്‍ഷകരാണ് ഇതോടെ മേഖലയില്‍ പ്രതിസന്ധിയിലായത്. കഴിഞ്ഞ കുറച്ചു നാളുകളായി തുടര്‍ച്ചയായി പെയ്യുന്ന മഴയും ചുഴലിക്കാറ്റും മൂലം നിരവധി കര്‍ഷകരുടെ വാഴത്തോട്ടങ്ങളാണ് ഇവിടെ നശിച്ചത്. എല്ലാത്തിനുമൊടുവില്‍ ബാക്കിയായവ വിളവെടുത്തപ്പോള്‍ വിലക്കുറവും മറ്റും കര്‍ഷകര്‍ക്ക് കൂടുതല്‍ തിരിച്ചടിയാകുകയാണ്.
കാര്‍ഷിക വായ്പ എടുത്തും മറ്റുമാണ് മിക്കവരും കൃഷി ചെയ്തിരിക്കുന്നത്. വലിയ രീതിയിലുള്ള കൃഷിനാശം ഉണ്ടായതിന് പിന്നാലെ ശേഷിച്ച വിളകള്‍ വിളവെടുത്ത് വില്‍ക്കാനൊരുങ്ങുന്ന കര്‍ഷകര്‍ക്ക് പരമാവധി 20 രൂപ വരെയാണ് നല്‍കുന്നത്. ഇത് കൊണ്ട് കടക്കെണിയില്‍ കഴിയുന്ന കര്‍ഷകര്‍ക്ക് യാതൊരു വിധ പ്രയോജനവും ലഭിക്കുകയില്ല. കൂടാതെ വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ന്നിട്ടുണ്ടെങ്കിലും അതില്‍ നിന്നും ഇതുവരെ യാതൊരുവിധ സഹായവും ഉണ്ടായിട്ടില്ലെന്നും കര്‍ഷകര്‍ വ്യക്തമാക്കുന്നുണ്ട്.
തങ്ങളുടെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കര്‍ഷകര്‍ പഞ്ചായത്തുകളിലും, കൃഷിഭവനിലും സമീപിച്ചെങ്കിലും പ്രയോജനമൊന്നും ഉണ്ടായിട്ടില്ല. കൃഷിഭവനുകളുടെ കീഴില്‍ നടത്തുന്ന ഇക്കോ ഷോപ്പുകളിലും തനി നാടന്‍ ഉല്പന്നങ്ങള്ക്കു മുന്‍ഗണന ലഭിക്കുന്നില്ലെന്നാണ് കര്‍ഷകര്‍ വ്യക്തമാക്കുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന വാഴക്കുലകള്‍ വിപണിയില്‍ കുറഞ്ഞ വിലക്ക് വില്ക്കുന്നതോടെയാണ് നാട്ടില്‍ ജൈവകൃഷിയില്‍ ഉല്പാദിപ്പിച്ച വാഴക്കുലകള്‍ക്കും മറ്റും ആവശ്യക്കാരില്ലാതെ പോകുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.
Read also : വാളയാർ കേസിൽ തുടരന്വേഷണം; പ്രത്യേക സംഘത്തെ എസ്പി ആർ നിശാന്തിനി നയിക്കും







































