ന്യൂഡെല്‍ഹി: 2008ലെ ബട്ട്‌ല ഹൗസ് ഏറ്റുമുട്ടലിനിടെ ഡെല്‍ഹി പൊലീസ് ഇൻസ്‌പെക്‌ടർ മോഹന്‍ ചന്ദ് ശര്‍മ കൊല്ലപ്പെട്ട കേസില്‍ ആരിസ് ഖാന് വധശിക്ഷ. ഇന്ത്യന്‍ മുജാഹിദീനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഇയാൾ ആതിഫ് അമീന്‍, സാജിദ്, ഷഹ്‌സാദ് എന്നിവരോടൊപ്പം ചേര്‍ന്ന് ആസൂത്രണം ചെയ്‌താണ് കൊലനടത്തിയത് എന്ന് വിധിന്യായത്തില്‍ പറയുന്നു.
ആരിസ് ഖാനെതിരായ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചുവെന്നും ഇയാൾ കുറ്റവാളിയാണെന്നും ജഡ്ജി നേരത്തെ വിധിച്ചിരുന്നു. ഡെൽഹി പോലീസിന്റെ പ്രത്യേക വിഭാഗത്തിലെ ഇൻസ്‌പെക്‌ടറായിരുന്ന മോഹന്‍ ചന്ദ് ശര്‍മയാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. 2008 സെപ്‌റ്റംബർ 13ന് ഡെല്‍ഹിയിലുണ്ടായ സ്‌ഫോടന പരമ്പരക്കു പിന്നാലെ നടന്ന ഏറ്റുമുട്ടലിലാണ് ശര്‍മ കൊല്ലപ്പെടുന്നത്. സംഭവം നടന്ന് 10 വര്‍ഷത്തിനു ശേഷമാണ് ആരിസ് ഖാന്‍ പിടിയിലായത്.
അതേസമയം ഏറ്റുമുട്ടലില്‍ സംശയം പ്രകടിപ്പിച്ച് സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗും രംഗത്ത് വന്നിരുന്നു. എന്നാൽ ഭരണത്തിലുണ്ടായിരുന്ന യുപിഎ സർക്കാർ എല്ലാ ആരോപണങ്ങളും തള്ളി.
Read also: ‘താജ് മഹൽ മാറ്റി രാം മഹൽ അല്ലെങ്കിൽ ശിവ് മഹൽ’; വിവാദ പ്രസ്‌താവനയുമായി ബിജെപി എംഎൽഎ