ന്യൂഡെല്‍ഹി: മലയാളി സംരംഭകൻ ബൈജു രവീന്ദ്രന്റെ ബൈജൂസ് ആപ്പിനെതിരെ വ്യാപക പരാതി. ബിബിസി ശേഖരിച്ച വിവരങ്ങളിലാണ് കമ്പനിക്കെതിരെ ഗുരുതരാരോപണങ്ങള്‍ ഉള്ളത്. രക്ഷിതാക്കളില്‍ നിന്നും മുന്‍ജീവനക്കാരില്‍ നിന്നുമാണ് ആപ്പിനെതിരെ പരാതി ഉയരുന്നത്. വാഗ്‌ദാനം ചെയ്‌ത സേവനങ്ങളും റീഫണ്ടും കമ്പനി നല്‍കുന്നില്ലെന്നാണ് പ്രധാന പരാതി.
രക്ഷിതാക്കളെ നിരന്തരമായി ഫോണില്‍ വിളിക്കുന്നതാണ് കമ്പനിയുടെ വില്‍പന തന്ത്രങ്ങളിലൊന്ന്. എന്നാല്‍ റീഫണ്ടിനായി വിളിച്ചാല്‍ സെയില്‍സ് ഏജന്റ്‌റുമാര്‍ തങ്ങളെ കബളിപ്പിക്കുന്നു എന്നാണ് രക്ഷിതാക്കള്‍ ബിബിസിയോട് പറഞ്ഞത്. എന്നാല്‍ ആരോപണങ്ങള്‍ ബൈജൂസ് നിഷേധിച്ചു. തങ്ങളുടെ ഉല്‍പന്നത്തിന്റെ മൂല്യം മനസിലാക്കുകയും അതില്‍ വിശ്വസിക്കുകയും ചെയ്‌ത രക്ഷിതാക്കളും വിദ്യാര്‍ഥികളുമാണ് ഇത് വാങ്ങാന്‍ തയാറാകുന്നതെന്നാണ് കമ്പനിയുടെ വാദം.
കമ്പനി ഏല്‍പ്പിച്ച ടാര്‍ഗറ്റിലേക്കെത്താന്‍ വേണ്ടി ദിവസവും 12 മുതല്‍ 15 മണിക്കൂര്‍വരെ ജോലിയെടുക്കേണ്ടി വരുന്നുവെന്നായിരുന്നു ബൈജൂസിന്റെ മുന്‍ ജീവനക്കാര്‍ പ്രതികരിച്ചത്. അമിതമായ ജോലി ഭാരം മാനസികാരോഗ്യത്തെ ബാധിച്ചു. കച്ചവട തന്ത്രത്തില്‍ വീഴാന്‍ സാധ്യതയുള്ള ഉപഭോക്‌താവിനോട് 120 മിനിറ്റില്‍ കൂടുതല്‍ ഫോണ്‍ സംസാരിക്കാന്‍ കഴിയാത്തവരെ ജോലിയില്‍ ഹാജരായില്ലെന്ന് രേഖപ്പെടുത്തി അന്നേദിവസത്തെ ശമ്പളം നല്‍കാറില്ല എന്നും മുന്‍ ജീവനക്കാര്‍ ബിബിസിയോട് വെളിപ്പെടുത്തി.
ആറ് ദശലക്ഷത്തിലധികം ഉപഭോക്‌താക്കളാണ് ബൈജൂസ് ആപ്പിനുള്ളത്. 2011ലാണ് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള എഡ്യുടെക് സ്‌റ്റാര്‍ട്ടപ്പായ ബൈജൂസിന്റെ തുടക്കം. ഫേസ്ബുക്ക് സ്‌ഥാപകന്‍ സുക്കര്‍ബര്‍ഗിന്റെ മകളുടെ പേരിലുള്ള ചാന്‍ സുക്കര്‍ബര്‍ഗ് ഇനീഷ്യേറ്റീവാണ് ഇതില്‍ കൂടുതല്‍ മൂല്യ നിക്ഷേപം നടത്തിയിരിക്കുന്നത്. അമേരിക്കന്‍ കമ്പനികളായ ടിഗര്‍ ഗ്ളോബല്‍, ജനറല്‍ അറ്റ്ലാന്റിക് എന്നിവയും ഇതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.
Read also: ത്രിപുര സംഘര്‍ഷം; മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് എതിരെയുള്ള നിയമ നടപടിക്ക് സ്‌റ്റേ