പ്രതിസന്ധിയിലായ ബൈജൂസ് (Byju’s App) കടം വീട്ടാനായി, തങ്ങളുടെ പ്രതാപകാലത്ത് വാങ്ങിക്കൂട്ടിയ കമ്പനികളെ വിൽക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. 9,800 കോടി രൂപയുടെ കടം വീട്ടാനായാണ് എപ്പിക്, ഗ്രേറ്റ് ലേണിങ് എന്നീ അനുബന്ധ സംരംഭങ്ങൾ വിൽക്കാനൊരുങ്ങുന്നത്.
ആറുമാസത്തെ സാവകാശം അനുവദിച്ചാല്‍ 120 കോടി ഡോളറിന്റെ (ഏകദേശം 9,800 കോടി രൂപ) കടം തിരിച്ചടക്കാമെന്ന വാഗ്‌ദാനം കഴിഞ്ഞദിവസം വായ്‌പാ ദാതാക്കള്‍ക്ക് മുന്നില്‍ ബൈജൂസ് വച്ചിരുന്നു. 2021ൽ ബൈജൂസ് അമേരിക്കന്‍ വായ്‌പാദാതാക്കളില്‍ നിന്നെടുത്ത മുതലും പലിശയും തീർക്കുക എന്നതാണ് വിറ്റഴിക്കലിന്റെ പ്രധാന ഉദ്ദേശ്യം.
12 വർഷം മുൻപ്, 2011ലാണ് മലയാളിയായ ബൈജു രവീന്ദ്രന്‍ ബംഗളൂരുവില്‍ ബൈജൂസ് സ്‌റ്റാർട്ടപ്പിന് തുടക്കമിട്ടത്. 2012ല്‍ ‘വിദ്യാര്‍ഥ’ എന്ന കമ്പനിയെ ഏറ്റെടുത്താണ് ബൈജൂസ് ഏറ്റെടുക്കലിലൂടെ വിപുലീകരണം ആരംഭിക്കുന്നത്. പിന്നീട് 2022 വരെയുള്ള കാലയളവിനുള്ളിൽ 20 ഓളം ഏറ്റെടുക്കലുകളാണ് ബൈജൂസ് നടത്തിയത്. ഇവയെല്ലാം തന്നെ കോടികളുടെ ഏറ്റെടുക്കലുകൾ ആയിരുന്നു.
തങ്ങളുടെ എതിരാളികളാകാൻ ഫണ്ടിംഗ് ശേഷിയും ആശയ ശേഷിയുമുള്ള ഒട്ടുമിക്ക കമ്പനികളെയും കണ്ണുംപൂട്ടി ഏറ്റെടുത്താണ് ബൈജൂസ് നേരിട്ട പ്രതിസന്ധിയുടെ പ്രധാനകാരണങ്ങളിൽ ഒന്ന്. എന്നാലിപ്പോൾ ഇതേ കമ്പനികൾ ഉൾപ്പടെ നിക്ഷേപം നടത്തിയ മറ്റു കമ്പനികളും വിറ്റഴിക്കാൻ കഴിയുമെന്നും അതിലൂടെ ബാധ്യത കുറച്ചുകൊണ്ട് മുന്നേറാമെന്ന പ്രതീക്ഷയിലുമാണ് ബൈജൂസ്.
ട്യൂട്ടര്‍വിസ്‌ത, മാത്ത് അഡ്വഞ്ചേഴ്‌സ്, ഒസ്‌മോ, വൈറ്റ്ഹാറ്റ് ജൂനിയര്‍, ലാബിന്‍ആപ്പ്, സ്‌കോളര്‍, ഹാഷ്‌ലേണ്‍, ആകാശ് എജ്യൂക്കേഷന്‍ സര്‍വീസസ്, എപിക്, ഗ്രേറ്റ് ലേണിംഗ്, ഗ്രേഡപ്പ്, ടിങ്കര്‍, ജിയോജിബ്ര തുടങ്ങിയ പ്രമുഖ വിദ്യാഭ്യാസ കമ്പനികൾ ഏറ്റെടുത്തവയുടെ കൂട്ടത്തിലുണ്ട്. ഇതിൽ ആകാശ് എജ്യൂക്കേഷൻ സർവീസസ് പ്രാഥമിക ഓഹരി വിൽപ്പന (ഐപിഒ)ക്ക് ഒരുങ്ങുന്നതായി റിപ്പോർട്ടുകളും ഉണ്ട്. ഇതിലൂടെ 4,000 കോടി രൂപ മൂലധനം സമാഹരിക്കാൻ ലക്ഷ്യമിടുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.

2017ൽ 100 കോടി ഡോളർ അഥവാ 8,200 കോടി രൂപ നിക്ഷേപക മൂല്യമുള്ള സ്‌റ്റാർട്ടപ്പ് എന്ന നിലയിലുള്ള യുണീകോണ്‍ പട്ടം സ്വന്തമാക്കിയ ബൈജൂസ് പിന്നീടങ്ങോട്ട് കുതിച്ചുചാട്ടമാണ് നടത്തിയത്. 2020 ജനുവരിയില്‍ 800 കോടി ഡോളറായിരുന്ന (65,500 കോടി രൂപ) ബൈജൂസിന്റെ മൂല്യം 2021 ഏപ്രിലില്‍ 1,500 കോടി ഡോളറിലെത്തിയിരുന്നു (1.23 ലക്ഷം കോടി രൂപ).
ഈ സാഹചര്യത്തിൽ എത്തിയപ്പോഴാണ് ബൈജൂസ് നിരവധി കമ്പനികളെ സ്വന്തമാക്കിയത്. ഇതില്‍ പലതും വിദേശ കമ്പനികളാണ്. ബൈജൂസിന്റെ മൂല്യം പിന്നീട് 2,200 കോടി ഡോളറിലേക്കും (1.80 ലക്ഷം കോടി രൂപ) ഉയര്‍ന്നു. പിന്നീടങ്ങോട്ട് വീഴ്‌ചയുടെ കാലം ആരംഭിച്ചു. ഏറ്റെടുത്ത കാലത്തുള്ള വളർച്ച, കോവിഡ് മാറി സ്‌കൂളുകൾ ആരംഭിച്ചതോടെ കുത്തനെ താഴോട്ടു ഇടിഞ്ഞു. 30% ത്തിലധികം കുട്ടികൾ പഴയതുപോലെ സ്‌കൂളുകളെയും ട്യൂഷൻ കേന്ദ്രങ്ങളെയും ആശ്രയിക്കാൻ ആരംഭിച്ചു.
ഇത് പദ്ധതിയിട്ട വരുമാന പ്രതീക്ഷയെ താളം തെറ്റിച്ചു. പല നിക്ഷേപങ്ങളുടെയും പലിശയും തിരിച്ചടവും മുടങ്ങാൻ ആരംഭിച്ചു. ഈ സമയത്താണ് ബൈജൂസിന്റെ തീരുമാനങ്ങളിലെ പാളിച്ചകൾ ചൂണ്ടിക്കാണിച്ച്, പ്രമുഖ അന്താരാഷ്‌ട്ര ധനകാര്യ സ്‌ഥാപനമായ ‘ഡിലോയിറ്റ്’ ബൈജൂസിന്റെ ഓഡിറ്റര്‍ സ്‌ഥാനം രാജിവച്ചു. ഈ പിൻമാറ്റം പലരുടെയും ധൈര്യം ചോർത്തുകയും ബൈജൂസിന്റെ തലപ്പത്തുനിന്ന് നിരവധി പ്രമുഖര്‍ രാജിവെച്ചൊഴിയുകയും ചെയ്‌തു.
ബാധ്യത മറികടക്കാൻ ഈ സമയത്തുതന്നെ 2,000ലേറെ ജീവനക്കാരെ ബൈജൂസ് വെട്ടിക്കുറച്ചു. ഇത് ദേശീയ മാദ്ധ്യമങ്ങളിൽ പോലും വലിയ വാർത്തയായി. ഇത് വിപണിയുടെ ധൈര്യം ചോർത്തുകയും നിക്ഷേകരെ പിന്തിരിപ്പിക്കുകയും ചെയ്‌തതാണ് വീഴ്‌ചയുടെ വേഗത വർധിപ്പിച്ചത്. എന്നാലിപ്പോൾ ബൈജൂസ് ഇതിനെ മറികടക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് വിറ്റഴിക്കൽ ആംരഭിക്കുന്നത്.
2021 ജൂലൈയില്‍ ഏറ്റെടുത്ത അമേരിക്കന്‍ ഡിജിറ്റല്‍-റീഡിംഗ് പ്ളാറ്റ് ഫോമായ എപിക് (Epic), അതേമാസം തന്നെ സ്വന്തമാക്കിയ സിംഗപ്പൂരിലെ വിദ്യാഭ്യാസ പ്ളാറ്റ് ഫോമായ ഗ്രേറ്റ് ലേണിംഗ് (Great Learning) എന്നിവയെ വിറ്റഴിച്ച് കടബാദ്ധ്യതകള്‍ തീര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ ബൈജൂസ് നടത്തുന്നതെന്ന് റോയിട്ടേഴ്‌സ് ഉൾപ്പടെ വിവിധ അന്തർദേശീയ മാദ്ധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇവയുടെ വില്‍പനയിലൂടെ 4,100 കോടി രൂപ മുതല്‍ 8,200 കോടി രൂപ സമാഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. വരും ദിവസങ്ങളിലായി മറ്റ് ഉപകമ്പനികളെ വിറ്റഴിക്കാനുള്ള നീക്കവും ബൈജൂസ് നടത്തിയേക്കുമെന്നാണ് വിലയിരുത്തലുകള്‍. കൂടാതെ ആകാശില്‍ മണിപ്പാല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. രഞ്ചൻ പൈ 740 കോടി രൂപ നിക്ഷേപിച്ചേക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.
നിലവിൽ ആസൂത്രണം ചെയ്യുന്ന പദ്ധതികളെ വിജയകരമായാല്‍ ബൈജൂസിന്റെ മാതൃ കമ്പനിയായ ‘തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ’ പണലഭ്യതയുടെ പരിമിതികള്‍ മറികടക്കാന്‍ ഒരു പരിധിവരെ കഴിയുമെന്നാണ് വിലയിരുത്തൽ. എന്നാൽ, കമ്പനികളെ വിറ്റഴിക്കുന്നത് സംബന്ധിച്ച് ബൈജൂസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Most Read| 500 വര്‍ഷം പഴക്കമുള്ള 15 കാരിയുടെ മൃതദേഹം: ആന്തരികാവയവങ്ങൾ നശിച്ചിട്ടില്ല!