ബൈജു രവീന്ദ്രന് തിരിച്ചടി; ആറുമാസം തടവുശിക്ഷ വിധിച്ച് സിംഗപ്പൂർ കോടതി

കോടതി ഉത്തരവുകൾ ലംഘിച്ചതിനും ആസ്‌തി വിവരങ്ങൾ വെളിപ്പെടുത്താത്തതിനും കോടതിയലക്ഷ്യ കേസിലാണ് നടപടി. ഉദ്യോഗസ്‌ഥർക്ക്‌ മുൻപിൽ ഉടൻ കീഴടങ്ങാൻ നിർദ്ദേശിച്ച കോടതി, 70,500 ഡോളർ (ഏകദേശം 68 ലക്ഷം രൂപ) കെട്ടിവയ്‌ക്കാനും ഉത്തരവിട്ടിട്ടുണ്ട്.

By Senior Reporter, Malabar News
byju raveendran
ബൈജു രവീന്ദ്രൻ

സിംഗപ്പൂർ: എഡ്-ടെക് സ്‌ഥാപനമായ ബൈജൂസിന്റെ സ്‌ഥാപകനും മലയാളിയുമായ ബൈജു രവീന്ദ്രന് സിംഗപ്പൂർ കോടതി ആറുമാസം തടവുശിക്ഷ വിധിച്ചു. കോടതി ഉത്തരവുകൾ ലംഘിച്ചതിനും ആസ്‌തി വിവരങ്ങൾ വെളിപ്പെടുത്താത്തതിനും കോടതിയലക്ഷ്യ കേസിലാണ് നടപടി.

ഉദ്യോഗസ്‌ഥർക്ക്‌ മുൻപിൽ ഉടൻ കീഴടങ്ങാൻ നിർദ്ദേശിച്ച കോടതി, 70,500 ഡോളർ (ഏകദേശം 68 ലക്ഷം രൂപ) കെട്ടിവയ്‌ക്കാനും ഉത്തരവിട്ടിട്ടുണ്ട്. അതേസമയം ബൈജു സിംഗപ്പൂരിൽ ഉണ്ടോയെന്ന് വ്യക്‌തമല്ല. കോടതി വിധിയോട് അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ല.

സ്വന്തം ആസ്‌തികൾ സംബന്ധിച്ച് 2024 ഏപ്രിൽ മുതൽ കോടതി പുറപ്പെടുവിച്ച ഒന്നിലധികം ഉത്തരവുകൾ ബൈജു രവീന്ദ്രൻ അനുസരിച്ചില്ലെന്ന് കോടതി കണ്ടെത്തി. മറ്റൊരു അനുബന്ധ കമ്പനിയിൽ ഓഹരികളുള്ള ബീയാർ ഇൻവെസ്‌റ്റ്കോ പ്രൈവറ്റ് ലിമിറ്റഡ് എന്ന കോർപറേറ്റ് സ്‌ഥാപനത്തിന്റെ നിയമപരമായ ഉടമസ്‌ഥാവകാശം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാനും സിംഗപ്പൂർ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

2011ലാണ് മലയാളിയായ ബൈജു രവീന്ദ്രന്‍ ബംഗളൂരുവില്‍ ബൈജൂസ് സ്‌റ്റാർട്ടപ്പിന് തുടക്കമിട്ടത്. 2012ല്‍ ‘വിദ്യാര്‍ഥ’ എന്ന കമ്പനിയെ ഏറ്റെടുത്താണ് ബൈജൂസ് ഏറ്റെടുക്കലിലൂടെ വിപുലീകരണം ആരംഭിക്കുന്നത്. ‘തിങ്ക് ആൻഡ് ലേൺ’ ആണ് ബൈജൂസിന്റെ മാതൃകമ്പനി. കോവിഡ് കാലത്തും മറ്റും ഓൺലൈൻ പഠനത്തിന് പ്രിയമേറിയത് ബൈജൂസിന് വൻ നേട്ടമായിരുന്നു.

ഈ രംഗത്തെ എതിരാളികളെ കമ്പനികളെ ഉൾപ്പടെ ഏറ്റെടുത്ത് ബൈജൂസ്‌ മുന്നേറുകയായിരുന്നു. ഇതില്‍ പലതും വിദേശ കമ്പനികളാണ്. ബൈജൂസിന്റെ മൂല്യം പിന്നീട് 2,200 കോടി ഡോളറിലേക്കും (1.80 ലക്ഷം കോടി രൂപ) ഉയര്‍ന്നു. പിന്നീടങ്ങോട് വീഴ്‌ചയുടെ കാലം ആരംഭിച്ചു. ഏറ്റെടുത്ത കാലത്തുള്ള വളർച്ച, കോവിഡ് മാറി സ്‌കൂളുകൾ ആരംഭിച്ചതോടെ കുത്തനെ താഴോട്ടു ഇടിഞ്ഞു. 30% ത്തിലധികം കുട്ടികൾ പഴയതുപോലെ സ്‌കൂളുകളെയും ട്യൂഷൻ കേന്ദ്രങ്ങളെയും ആശ്രയിക്കാൻ തുടങ്ങി.

ഇത് പദ്ധതിയിട്ട വരുമാന പ്രതീക്ഷയെ താളം തെറ്റിച്ചു. പല നിക്ഷേപങ്ങളുടെയും പലിശയും തിരിച്ചടവും ഇതോടെ മുടങ്ങി. 120 കോടി ഡോളറിന്റെ (ഏകദേശം 11,500 കോടി രൂപ) വായ്‌പാ തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ട് ബൈജു ഉൾപ്പടെയുള്ള ബൈജൂസ്‌ സ്‌ഥാപകർക്കെതിരെ യുഎസ് ധനകാര്യ സ്‌ഥാപനങ്ങൾ നൽകിയ കേസിൻമേൽ യുഎസിലും ഇന്ത്യയിലും കോടതികളിൽ കേസുകളുണ്ട്.

Most Read| പ്രായമൊക്കെ എന്ത്! ബിഎ പരീക്ഷയിൽ മികച്ച വിജയം നേടി പത്ത് വീട്ടമ്മമാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE