നീലേശ്വരം: ബേക്കൽ- കോവളം ദേശീയ ജലപാതയ്‌ക്കായി ജില്ലയിൽ പുതുതായി രണ്ട് റഗുലേറ്റർ കൂടി നിർമിക്കണം. നീലേശ്വരം-ചിത്താരി പുഴകളിലായി ഡെൽഹി കേന്ദ്രീകരിച്ചുള്ള ഏജൻസി നടത്തിയ ജലസന്തുലിതാവസ്‌ഥാ പഠനത്തിലാണ് (വാട്ടർ ബാലൻസ് സ്‌റ്റഡി) ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ഇരു പുഴകളെയും ബന്ധിപ്പിക്കാനൊരുക്കേണ്ട കനാലിന്റെ ജലനിരപ്പിനെപ്പറ്റി മാതൃകാപഠനവും ഇതോടൊപ്പം നടത്തിയിരുന്നു. സംസ്‌ഥാനത്ത് ചരക്കുഗതാഗതം സുഗമമാക്കുന്നതിനും വിനോദസഞ്ചാരത്തിനും ഉണർവുനൽകുന്നതാണ് ജലപാത.
പുഴയിലൂടെ ബോട്ടിന് കടന്നുപോകാൻ പറ്റുന്ന ജലനിരപ്പുണ്ടോയെന്നറിയാനാണ് പഠനം. ഇതിൽ വേനൽക്കാലത്ത് ജലനിരപ്പ് കുറയുന്നുണ്ടെന്ന് ബോധ്യപ്പെട്ടിരുന്നു. ഇക്കാരണത്താൽ ചിത്താരി, മടിയൻ എന്നിവിടങ്ങളിലാണ് പുതിയ റഗുലേറ്റർ സ്‌ഥാപിക്കേണ്ടതെന്നും നിർദേശിക്കുന്നുണ്ട്. കൂടാതെ നമ്പ്യാർകൽ അണക്കെട്ടിൻ ഉയരം കൂട്ടാനും പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇതോടൊപ്പം റഗുലേറ്റർ വരുന്ന ഇരുഭാഗങ്ങളിലും വെള്ളം കയറാതിരിക്കാനുള്ള സംവിധാനങ്ങളും ഒരുക്കണമെന്നും നിർദ്ദേശമുണ്ട്.
ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ടിന്റെ രത്‌നച്ചുരുക്കം ഉൾനാടൻ ജലഗതാഗത വകുപ്പ് ചീഫ് എഞ്ചിനീയർക്ക് അടുത്തദിവസം തന്നെ കൈമാറും. റിപ്പോർട് കിട്ടി ചീഫ് എഞ്ചിനീയർ സ്‌ഥലം സന്ദർശിച്ച് അംഗീകാരം നൽകിയാൽ തുടർ നടപടികളിലേക്ക് കടക്കും.
Also Read: ജനകീയ ഹോട്ടലുകൾക്ക് അടിയന്തര സഹായമായി 30 കോടി അനുവദിച്ച് സർക്കാർ








































