തിരുവല്ല: ബിലീവേഴ്സ് ചർച്ചിന് കോടികളുടെ ഹവാല ഇടപാടുണ്ടെന്ന് ആദായ നികുതി വകുപ്പ്. കോടികളുടെ കള്ളപ്പണം വെളുപ്പിച്ചതായി കണ്ടെത്തി. സഭക്ക് കീഴിലുള്ള 30 ട്രസ്റ്റുകളിൽ അധികവും വ്യാജമാണെന്നും ഇന്ത്യയിലെ 7 സംസ്ഥാനങ്ങളിലായി നിരവധി സ്ഥാപനങ്ങൾ ചർച്ചിന് സ്വന്തമായുണ്ടെന്നും അധികൃതർ വെളിപ്പെടുത്തി.
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ ആസ്ഥാനത്തും അനുബന്ധ സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പിന്റെ പരിശോധന തുടരുകയാണ്. വ്യാഴാഴ്ചയാണ് പരിശോധനകൾ തുടങ്ങിയത്. ഡെൽഹിയടക്കം വിവിധ സ്ഥലങ്ങളിലുള്ള സഭയുടെ സ്ഥാപനങ്ങളിൽ പരിശോധന നടക്കുന്നുണ്ട്. തമിഴ്നാട്, കർണാടക, തുടങ്ങി വിവിധ സംസ്ഥാനങ്ങളിലായി 66 ഇടങ്ങളിൽ പരിശോധന നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
രേഖകളില്ലാതെ സൂക്ഷിച്ച 14.5 കോടിയോളം രൂപ വിവിധ ഇടങ്ങളിൽ നിന്നായി കണ്ടെടുത്തിട്ടുണ്ടെന്നാണ് സൂചന. എന്നാൽ ഉദ്യോഗസ്ഥർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മാനദണ്ഡങ്ങൾ പാലിക്കാതെ വൻതോതിൽ വിദേശ ധനസഹായം സ്വീകരിച്ചതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. റെയ്ഡിനെക്കുറിച്ച് സഭ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
അതിനിടെ കള്ളപ്പണം വെളുപ്പിച്ചുവെന്നതിനുള്ള തെളിവുകൾ ആദായ നികുതി വകുപ്പിന് ലഭിച്ച സാഹചര്യത്തിൽ എൻഫോഴ്സ്മെന്റ് ഡയറ്കടറേറ്റും കേസിൽ അന്വേഷണം നടത്തുമെന്നാണ് വിവരങ്ങൾ.
Read also: കെടി ജലീലിനെ ചോദ്യം ചെയ്യാൻ കസ്റ്റംസും: നോട്ടീസ് നൽകി







































