പട്‌ന: ബിഹാർ ഇനി ആര് ഭരിക്കുമെന്ന് ഇന്നറിയാം. നിയമസഭാ സമ്മേളനത്തിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. എൻഡിഎ സഖ്യമാണ് മുന്നിൽ എൻഡിഎ 105 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. 78 സീറ്റുകളിൽ ഇന്ത്യ സഖ്യവും പ്രശാന്ത് കിഷോറിന്റെ ജെഎസ്‌പി മൂന്ന് സീറ്റുകളിലും ലീഡ് ചെയ്യുന്നു. ഇടതു പാർട്ടികൾ ആറ് സ്‌ഥലത്ത് ലീഡ് ചെയ്യുന്നുണ്ട്.
60 സീറ്റുകളിൽ മൽസരിച്ച കോൺഗ്രസിന് ഏഴ് സീറ്റുകളിൽ മാത്രമാണ് മുന്നേറാൻ കഴിയുന്നത്. രാഘോപുരിൽ തേജസ്വി യാദവ് ലീഡ് ചെയ്യുന്നുണ്ട്. ആർജെഡിയുടെ ശക്‌തിയിലാണ് ഇന്ത്യ സഖ്യത്തിന്റെ മുന്നേറ്റം. സീറ്റുകളുടെ എണ്ണത്തിൽ ബിജെപിക്ക് തൊട്ടുപിന്നിലാണ് ആർജെഡി. ബിജെപി-50, ആർജെഡി- 46.
243 അംഗ നിയമസഭയിൽ 122 സീറ്റാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. 66.91% എന്ന റെക്കോർഡ് പോളിങ് നടന്ന തിരഞ്ഞെടുപ്പിൽ നിതീഷ് കുമാറിനും എൻഡിഎക്കും ഭരണത്തുടർച്ച പ്രവചിക്കുന്നതാണ് എക്‌സിറ്റ് പോളുകളെല്ലാം. എൻഡിഎക്ക് 130 മുതൽ 167 വരെ സീറ്റുകളാണ് പൊതുവേ പ്രവചിക്കുന്നത്. ഇന്ത്യ സഖ്യത്തിന് 70 മുതൽ 108 വരെ സീറ്റുകളാണ് പ്രവചനം.
ഏറെ അവകാശവാദവുമായി എത്തിയ പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി വലിയ ചലനമുണ്ടാക്കില്ലെന്നാണ് പ്രവചനം. അതേസമയം, ഇന്ത്യാ സഖ്യം തന്നെ സർക്കാർ രൂപീകരിക്കുമെന്നും വോട്ടെണ്ണൽ ദിനത്തിൽ ക്രമക്കേടുകൾക്ക് ഇട നൽകരുതെന്നും തേജസ്വി യാദവ് പ്രതികരിച്ചു.
Most Read| ‘കുറ്റവാളികൾക്ക് കർശന ശിക്ഷ, ഇനി ഇത്തരമൊരു ആക്രമണത്തെ കുറിച്ച് ചിന്തിക്കരുത്’








































