പട്‌ന: ബിഹാറിൽ വീണ്ടും താമര വിരിയുന്നു. എക്‌സിറ്റ് പോൾ പ്രവചനങ്ങളെയും കടത്തിവെട്ടി ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക്. നെഞ്ചും വിരിച്ചാണ് പത്താം തവണ നിതീഷ് കുമാർ മുഖ്യമന്ത്രിയാകാൻ പോകുന്നത്.
243 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അന്തിമ ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ എൻഡിഎ 189 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. 50 സീറ്റുകളിലാണ് ഇന്ത്യാ മുന്നണി ഉള്ളത്. ആർജെഡിയുടെ ബലത്തിലാണ് ഇന്ത്യാ സഖ്യം പിടിച്ചു നിൽക്കുന്നത്. കോൺഗ്രസിന് വലിയ തിരിച്ചടി നേരിട്ടു. ഇന്ത്യാ സഖ്യത്തിന്റെ ഉപമുഖ്യമന്ത്രി സ്‌ഥാനാർഥി മുകേഷ് സാഹ്‌നിക്കും പാർട്ടിക്കും തിരിച്ചടി ഉണ്ടായി.
243 അംഗ നിയമസഭയിൽ 122 സീറ്റാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. 66.91% എന്ന റെക്കോർഡ് പോളിങ് നടന്ന തിരഞ്ഞെടുപ്പിൽ നിതീഷ് കുമാറിനും എൻഡിഎക്കും ഭരണത്തുടർച്ച പ്രവചിക്കുന്നതാണ് എക്‌സിറ്റ് പോളുകളെല്ലാം. എൻഡിഎക്ക് 130 മുതൽ 167 വരെ സീറ്റുകളാണ് പൊതുവേ പ്രവചിക്കുന്നത്. ഇന്ത്യ സഖ്യത്തിന് 70 മുതൽ 108 വരെ സീറ്റുകളാണ് പ്രവചനം. ഏറെ അവകാശവാദവുമായി എത്തിയ പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി വലിയ ചലനമുണ്ടാക്കില്ലെന്നാണ് പ്രവചനം.
Most Read| ലോകത്ത് നിർബന്ധമായും കണ്ടിരിക്കേണ്ട സ്‌ഥലങ്ങൾ; പട്ടികയിൽ കൊച്ചിയും








































