തിരുവനന്തപുരം: ഇസ്രയേലിൽ കൃഷി പഠിക്കാൻ പോയ സംഘത്തിൽ നിന്ന് മുങ്ങിയ കർഷകൻ ബിജു കുര്യനെ കണ്ടെത്തി. ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് ആണ് കണ്ണൂർ ഇരിട്ടി സ്വദേശിയായ ബിജു കുര്യനെ കണ്ടെത്തിയത്. ഇസ്രയേൽ ഇന്റർപോളാണ് ഇന്ത്യൻ എംബസിയെ ഇക്കാര്യം അറിയിച്ചത്. ബിജുവിനെ ഇന്ത്യയിലേക്ക് തിരിച്ചയച്ചെന്ന് ഇന്ത്യൻ അംബാസഡർ രാജീവ് ബോഖേഡേ കൃഷി വകുപ്പ് സെക്രട്ടറി ബി അശോകിനെ അറിയിച്ചു.
ഇന്ത്യൻ സമയം വൈകിട്ട് നാലുമണിക്കുള്ള വിമാനത്തിൽ ടെൽ അവീവിൽ നിന്ന് തിരിച്ച ബിജു നാളെ പുലർച്ചെ നാല് മണിക്ക് കോഴിക്കോട് എത്തും. അതേസമയം, ബെത്ലഹേം കാണാനാണ് ബിജു സംഘത്തിൽ നിന്ന് മുങ്ങിയതെന്ന് സഹോദരൻ ബെന്നി പറയുന്നു. ബിജു കുര്യൻ അടക്കം 27 കർഷകരും കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി അശോകുമാണ് കൃഷി രീതികൾ പഠിക്കാനായി ഈ മാസം 12ന് ഇസ്രയേലിലേക്ക് പോയത്.
തുടർന്ന്, 17ന് രാത്രിയാണ് ഇവർ താമസിച്ചിരുന്ന ഹോട്ടലിൽ നിന്ന് മറ്റൊരിടത്തേക്ക് പോകുന്നതിനിടെ ബിജു കുര്യനെ കാണാതാവുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ബിജുവിനെ കണ്ടുകിട്ടുന്നത്. വിസ കാലാവധി ഉള്ളതിനാൽ ബിജുവിന് ഇസ്രയേലിൽ നിയമനടപടി ഉണ്ടാവില്ല. സംസ്ഥാനത്തും നിയമനടപടി ഉണ്ടാകരുതെന്ന് സഹോദരൻ കൃഷിമന്ത്രിയോട് അഭ്യർഥിച്ചു. എന്നാൽ, സംഘത്തിൽ നിന്ന് എന്തുകൊണ്ടാണ് അപ്രത്യക്ഷനായത് എന്നതിൽ ബിജു സർക്കാരിന് വിശദീകരണം നൽകേണ്ടി വരും.
Most Read: സിദ്ദു മൂസ്വാല കൊലക്കേസ്; ജയിലിൽ കഴിയുന്ന രണ്ടു പ്രതികൾ കൊല്ലപ്പെട്ടു








































