പാറ്റ്ന: ബിജെപി നേതാവ് തർകിഷോർ പ്രസാദ് ബിഹാർ ഉപമുഖ്യമന്ത്രി ആയേക്കുമെന്ന് സൂചന. നിലവിലെ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി കേന്ദ്രമന്ത്രിയാകുമെന്നും സൂചനകൾ പുറത്തുവരുന്നുണ്ട്. എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്.
ബിഹാർ മുഖ്യമന്ത്രിയായി നാലാമതും നിതീഷ് കുമാർ സത്യപ്രതിജ്‌ഞ ചെയ്യാനിരിക്കെയാണ് പ്രസാദിനെ നിയമസഭാകക്ഷി നേതാവായി ബിജെപി തിരഞ്ഞെടുത്തത്. കത്തിഹാറിൽ നിന്നുള്ള എംഎൽഎയാണ് തർകിഷോർ പ്രസാദ്. കഴിഞ്ഞ നിതീഷ്‌കുമാർ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രി ആയിരുന്ന സുശീൽ കുമാറായിരുന്നു നേരത്തെ ബിജെപിയുടെ നിയമസഭാ കക്ഷി നേതാവ്.
നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ എതിരില്ലാതെയാണ് പ്രസാദിനെ നിയമസഭാകക്ഷി നേതാവായി ബിജെപി തിരഞ്ഞെടുത്തത്. തുടർന്ന്, തന്റെ 40 വർഷത്തെ രാഷ്‌ട്രീയ ജീവിതം സമ്മാനിച്ചത് ബിജെപിയും സംഘപരിവാറുമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്‌തു. പാർട്ടി ഏൽപ്പിക്കുന്ന ഏതൊരു ഉത്തരവാദിത്വവും നിറവേറ്റുമെന്നും പ്രസാദ് വ്യക്‌തമാക്കി. നിയമസഭാകക്ഷി ഉപനേതാവായി തിരഞ്ഞെടുക്കപ്പെട്ട രേണു ദേവിയെ അദ്ദേഹം അഭിനന്ദിച്ചു.
Read also: ആരാധനാലയങ്ങൾ തുറക്കാനുള്ള തീരുമാനം; ആരുടേയും ജയമോ പരാജയമോ അല്ലെന്ന് ശിവസേന നേതാവ്