മലപ്പുറം : മലപ്പുറത്ത് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്‌ദുള്ളക്കുട്ടിയുടെ വാഹനത്തിന് നേരെ ആക്രമണം ഉണ്ടായതായി പരാതി. മലപ്പുറം രണ്ടത്താണിയില്‍ വച്ചാണ് സംഭവം. തന്റെ വാഹനത്തെ പിന്തുടര്‍ന്നെത്തിയ സംഘം രണ്ടു തവണ കാറില്‍ ലോറി കൊണ്ടിടിച്ചതായി അബ്‌ദുള്ളക്കുട്ടി വ്യക്‌തമാക്കി. സംഭവത്തില്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് വരുന്ന വഴിക്കാണ് അബ്‌ദുള്ളക്കുട്ടിക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്. പൊന്നാനിയില്‍ വച്ച് ഭക്ഷണം കഴിക്കാനായി ഹോട്ടലിൽ കയറിയ അദ്ദേഹത്തെ ഒരു കൂട്ടര്‍ അപമാനിക്കാന്‍ ശ്രമിച്ചിരുന്നു. ശേഷം യാത്രക്കിടെയാണ് അദ്ദേഹത്തിന്റെ കാറിന് പിന്നിലായി രണ്ട് തവണ ലോറി വന്നിടിച്ചതെന്ന് അദ്ദേഹം വ്യക്‌തമാക്കി.
അബ്‌ദുള്ളക്കുട്ടിക്കെതിരെ ഉണ്ടായ ആക്രമണത്തില്‍ ശക്‌തമായ പ്രതിഷേധം അറിയിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ രംഗത്തെത്തി. സംഭവം ആസൂത്രിതമാണെന്നും അക്രമികള്‍ക്കെതിരെ ഉടന്‍ നടപടി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി ഇന്ന് എല്ലാ കേന്ദ്രങ്ങളിലും ബിജെപി പ്രതിഷേധിക്കുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. സംസ്‌ഥാനത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങളെ ചെറുത്ത് തോല്‍പ്പിക്കുമെന്നും പാര്‍ട്ടിയുടെ ഉപാധ്യക്ഷനെ സംരക്ഷിക്കാൻ ബിജെപി പ്രതിജ്‌ഞാബദ്ധരാണെന്നും സുരേന്ദ്രന്‍ വ്യക്‌തമാക്കി.
Read also : ശുചിത്വ വാരാചരണം; എസ് വൈ എസിന്റെ ‘റീ സ്‌റ്റോർ മലപ്പുറം’ പദ്ധതി സമാപിച്ചു