ന്യൂഡെൽഹി: ഹരിയാനയിലെ ജനത പുതിയ ഇതിഹാസം കുറിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹരിയാന നിയമസഭാ വിജയത്തെ തുടർന്ന് ഡെൽഹി ബിജെപി ആസ്ഥാനത്ത് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു ആദ്ദേഹം. ഹരിയാനയിലെ വിജയം ജനാധിപത്യത്തിന്റെ വിജയമാണ്. ജമ്മു കശ്മീരിൽ ഏറ്റവും കൂടുതൽ വോട്ട് ശതമാനം ലഭിച്ചത് ബിജെപിക്കാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
”ഒരിടത്തും ജനങ്ങൾ കോൺഗ്രസിന് രണ്ടാമൂഴം നൽകിയിട്ടില്ല. ആദിവാസികളെയും ദളിതരെയും പറ്റിക്കുന്ന സർക്കാരുകളായിരുന്നു കോൺഗ്രസിന്റേത്. ഭരണമാറ്റമെന്ന ചരിത്രമാണ് ഹരിയാന തിരുത്തിയത്. നുണകൾക്ക് മുകളിൽ വികസനം നേടിയ വിജയമാണിത്. ഹരിയാനയിലെ കർഷകർ ബിജെപിക്കൊപ്പമാണ്. ജാതിയുടെ പേരിൽ കോൺഗ്രസ് ആളുകളെ തമ്മിലടിപ്പിക്കുകയാണ്. രാജ്യത്തെ ദുർബലപ്പെടുത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്”- പ്രധാനമന്ത്രി പറഞ്ഞു.
”അധികാരമില്ലെങ്കിൽ കരയിലെ മീനിന്റെ അവസ്ഥയാണ് കോൺഗ്രസിന്. ജമ്മു കശ്മീരിലെ ബിജെപിയുടെ പ്രകടനത്തിൽ അഭിമാനമുണ്ട്. ബിജെപിയിൽ വിശ്വാസമർപ്പിക്കുകയും വോട്ട് ചെയ്യുകയും ചെയ്ത എല്ലാവരോടും നന്ദി അറിയിക്കുന്നു. കശ്മീരിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു. ബിജെപി പ്രവർത്തകരുടെ പരിശ്രമത്തെ അഭിനന്ദിക്കുന്നു”- പ്രധാനമന്ത്രി വ്യക്തമാക്കി.
സഖ്യകക്ഷികളുടെ കനിവിൽ ജീവിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. അർബൻ നക്സലുകളുമായി ചേർന്ന് രാജ്യത്ത് ഭീതി പടർത്തുകയാണ്. കർഷകരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനെ ചോദ്യം ചെയ്യാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. അധികാരം ജൻമാവകാശമെന്നാണ് കോൺഗ്രസ് കരുതിയത്. ഹരിയാനയിലെ കായിക താരങ്ങൾക്ക് മികച്ച അവസരം നൽകും. കായികമേഖലയിൽ ലോക ശക്തിയായി ഇന്ത്യ മാറുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Most Read| ജലത്തിൽ തെളിയുന്ന മഴവിൽക്കാഴ്ച; ഈ ചതുപ്പുകാട് മനസിന് കുളിർമയേകും








































