മുംബൈ: മഹാരാഷ്ട്രയില്‍ വെല്ലുവിളി ഉയർത്തി ബ്ളാക്ക് ഫംഗസ് വ്യാപനം. സംസ്ഥാനത്ത് കോവിഡ് രോഗ വ്യാപനത്തിന്റെ തീവ്രത കുറയാതെ തുടരുമ്പോഴാണ് ബ്ളാക്ക് ഫംഗസ് പിടിപെടുന്നവരുടെ എണ്ണം ആശങ്ക ഉയര്‍ത്തുന്നത്. ബ്ളാക്ക് ഫംഗസ് രോഗികളുടെ എണ്ണം മഹാരാഷ്ട്രയിൽ 9000ത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ 1,014 പേരാണ് ഇതേത്തുടർന്ന് മരണമടഞ്ഞത്.
കോവിഡ് രണ്ടാം തരംഗത്തോടെയാണ് സംസ്ഥാനത്ത് ബ്ളാക്ക് ഫംഗസ് വ്യാപനവും കൂടുവാന്‍ തുടങ്ങിയത്. മെയ് 25നാണ് ആദ്യ കേസ് റിപ്പോര്‍ട് ചെയ്യപ്പെടുന്നത്. ഇതുവരെ രോഗം പിടിപെട്ടവരുടെ എണ്ണമാകട്ടെ 8,920 ആണ്. നിലവില്‍ 3,395 പേരാണ് ചികിൽസയിലുള്ളത്. 4,357 പേര് ഇതുവരെ രോഗമുക്തി നേടി.
പൂനെയില്‍ നിന്നുള്ളവരാണ് ബ്ളാക്ക് ഫംഗസ് മൂലം മരിച്ചവരില്‍ ഏറിയ പങ്കും. 178 പേരാണ് പൂനെയില്‍ മാത്രം മരണപ്പെട്ടത്.
അതേസമയം മുംബൈയില്‍ 129 പേര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം മാറാതെ ആശുപത്രി വിട്ടത് നിരവധി പേരാണ്. ഇതില്‍ കൂടുതലും സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിൽ ഉള്ളവരായിരുന്നു. കണ്ണ് നീക്കം ചെയ്ത് ചികിൽസിക്കുന്നതിനായി ലക്ഷങ്ങള്‍ ചിലവിടേണ്ടി വരുമെന്ന ഘട്ടത്തിലാണ് ഇവരെല്ലാം ആശുപത്രി വിട്ടത്.
Most Read: കോട്ടൂരില്‍ കൂടുതല്‍ ആനകള്‍ക്ക് ഹെർപിസ് ബാധ; കേന്ദ്രസഹായം തേടാൻ സർക്കാർ








































