തിരുവനന്തപുരം: നിയമങ്ങളും മാനദണ്ഢങ്ങളും ധാർമ്മികതയും പാലിക്കാതെ, ബ്‌ളാക്‌മെയിലിങും പണപ്പിരിവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന വാർത്താപോർട്ടലുകൾക്കും സോഷ്യൽ മീഡിയകൾക്കും യൂട്യൂബ് ചാനലുകൾക്കുമെതിരെ കർശനനടപടിയുമായി കേരള പോലീസ്.
പ്രധാന സ്വതന്ത്ര ഓൺലൈൻ ന്യൂസ് പോർട്ടലുകളുടെ അപ്പക്‌സ് ബോഡിയായ കോൺഫഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ ഇന്ത്യ (കോംഇന്ത്യ/ComIndia)ക്ക് വേണ്ടി പ്രസിഡണ്ട് സാജ് കുര്യനും സെക്രട്ടറി കെകെ ശ്രീജിത്തും നൽകിയ പരാതിയിലാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം ദക്ഷിണ-ഉത്തര മേഖല ഐജിമാർക്ക് അന്വേഷണത്തിന് നിർദ്ദേശം നൽകിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കും ഡിജിപിക്കും എഡിജിപിക്കും നൽകിയ പരാതിയിൽ മാദ്ധ്യമ പ്രവര്‍ത്തനമറവിൽ സംസ്‌ഥാനത്ത് വ്യാപകമായി ബിസിനസ് സ്‌ഥാപനങ്ങള്‍, വ്യവസായികള്‍, ആശുപത്രികള്‍, മത-രാഷ്‌ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ ഭീക്ഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്ന അനവധി സംഭവൾ അരങ്ങേറുന്നതായാണ് കോംഇന്ത്യ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
മാദ്ധ്യമപ്രവര്‍ത്തന പരിചയവും മീഡിയ പശ്‌ചാത്തലവും ഇല്ലാതെ തട്ടിപ്പുകള്‍ക്ക് വേണ്ടി മാത്രം നടത്തപ്പെടുന്ന വ്യാജ ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍ക്ക് പിന്നിൽ ക്വട്ടേഷന്‍ സംഘങ്ങള്‍ മുതല്‍ മറ്റ് സാമൂഹ്യവിരുദ്ധ ശക്‌തികൾ വരെ ഉണ്ടെന്ന് സംശയിക്കുന്നതായി കോംഇന്ത്യ നൽകിയ പരാതിയില്‍ പറയുന്നു. ചിലര്‍ വെബ്സൈറ്റുകള്‍ പോലുമില്ലാതെ ഫേസ്ബുക് പേജുകളില്‍ തലക്കെട്ടുകള്‍ നൽകി മീഡിയ എന്ന പേരില്‍ സ്‌ഥാപനങ്ങളെയും വ്യക്‌തികളെയും സമീപിക്കുന്നത് പതിവാണെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.
മാദ്ധ്യമങ്ങളെന്ന പേരിൽ തട്ടിക്കൂട്ടിയ ഇത്തരം സ്‌ഥാപനങ്ങളിലെ ചിലര്‍ ഒത്തുകൂടി മാദ്ധ്യമ അസോസിയേഷനുകളും സംഘടനകളും രൂപീകരിച്ച് അതിന്റെ പേരിലും കൂട്ടായ പണപ്പിരിവുകൾ നടത്തുന്നതായും പരാതിയിൽ പറയുന്നു. കേരളത്തിലെ വിവിധ ജില്ലകളിലെ പോലീസ് സ്‌റ്റേഷനുകളില്‍ ഇത്തരം ബ്‌ളാക്‌മെയിലിങ്ങിന് എതിരെ നിരവധി പരാതികള്‍ ഉണ്ടായിട്ടുണ്ടെന്നതും കോംഇന്ത്യ മുഖ്യമന്ത്രി, ഡിജിപി, ക്രമസമാധാന ചുമതലയുള്ള എഡിജിപി എന്നിവര്‍ക്ക് നൽകിയ പരാതിയില്‍ ചൂണ്ടികാട്ടുന്നുണ്ട്.
ഇത്തരം വ്യാജ വാർത്താ വെബ്സൈറ്റുകളും സാമൂഹികമാദ്ധ്യമങ്ങളും മതസ്‌പർദ വളര്‍ത്തുന്നതരം വാര്‍ത്തകള്‍ പടച്ചുവിടുന്നത് പലപ്പോഴും പരാതികൾക്കും പ്രശ്‌നങ്ങൾക്കും കാരണമായിട്ടുണ്ട്. പരാതിയിൽ അതിവേഗതയിലുള്ള അന്വേഷണത്തിന് എഡിജിപി ഉത്തരവിട്ടെന്നത് ശ്രദ്ധേയമാണ്. സംസ്‌ഥാനത്തെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ സമാന സംഭവങ്ങളില്‍ മുന്‍ കാലങ്ങളില്‍ ഉണ്ടായിട്ടുള്ള പരാതികളും അന്വേഷണത്തിന്റെ ഭാഗമായി പോലീസ് പരിശോധിക്കും.
MOST READ | വിഷു അവധി; കേരള, കർണാടക ആർടിസി ബസ്‌ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു