കോഴിക്കോട്: കുയ്തേരിയിൽ രാത്രിയിൽ പതിവായി ഉണ്ടാകുന്ന സ്ഫോടനത്തിന്റെ ഉറവിടം കണ്ടെത്തി. ബോംബ് സ്ക്വാഡ് നടത്തിയ തിരച്ചിലിലാണ് സ്ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഒരു മാസത്തിനിടെ എട്ട് സ്ഫോടനങ്ങളാണ് ഇവിടെ ഉണ്ടായത്.
ഏറെ ദൂരെ വരെ വലിയ ശബ്ദം കേൾക്കുന്ന സ്ഫോടനത്തിന്റെ ഉറവിടം കണ്ടെത്താനാവാതെ പോലീസും നാട്ടുകാരും ഏറെ വലഞ്ഞിരുന്നു. ഇതിനിടയിലാണ് ബോംബ് സ്ക്വാഡ് എഎസ്ഐ നാണു തറവട്ടത്തിന്റെ നേതൃത്വത്തിൽ മൊയ്തു അൻവർ, ടിപി ശ്രീജേഷ്, പിപി സജീവ് എന്നിവർ അടങ്ങിയ സംഘം പരിശോധന നടത്തിയത്.
ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് സ്ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങൾ കണ്ടെടുത്തത്. കേസിലെ പ്രതികളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.
ഞായറാഴ്ച രാത്രി 2 ഉഗ്ര സ്ഫോടനങ്ങളാണ് നടന്നത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ വീടുകളുടെ ജനൽ ചില്ലുകൾ അടക്കം ഇളകിയിരുന്നു. പോലീസ് രാത്രി തന്നെ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. തുടർന്ന് ഇന്നലെ രാവിലെ നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങൾ ബോംബ് സ്ക്വാഡ് കണ്ടെത്തിയത്.
Malabar News: ‘ടേക്ക് എ ബ്രേക്ക്’; കാലിക്കടവിൽ വഴിയോര വിശ്രമകേന്ദ്രം വരുന്നു






































