പനാജി: ഐഎസ്എൽ ഫുട്ബോളിലെ അപരാജിത കുതിപ്പുകളുടെ തുടർച്ച തേടി കേരള ബ്ളാസ്റ്റേഴ്സ് ഇന്ന് പുതുവർഷത്തിലെ ആദ്യ പോരാട്ടത്തിന് ഇറങ്ങുന്നു. കരുത്തരായ എഫ്സി ഗോവയാണ് ബ്ളാസ്റ്റേഴ്സിന്റെ എതിരാളി. തിലക് മൈതാനത്തിൽ വച്ച് രാത്രി 7.30നാണ് മൽസരത്തിന്റെ കിക്കോഫ്. ഇന്നത്തെ 2ആം മൽസരത്തിൽ രാത്രി 9.30ന് ജംഷഡ്പൂരും ചെന്നൈയിനും ഏറ്റുമുട്ടും.
ഒരു ജയം അകലെ ഐഎസ്എൽ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം കാത്തിരിക്കുന്നുവെന്ന ആത്മ വിശ്വാസത്തിലാകും ബ്ളാസ്റ്റേഴ്സ് ഇന്ന് കളത്തിൽ ഇറങ്ങുക. എട്ട് മൽസരങ്ങളിൽ നിന്നു 13 പോയിന്റുമായി നിലവിൽ അഞ്ചാം സ്ഥാനക്കാരാണ് ഇവാൻ വുക്കൊമനോവിച്ചിന്റെ ടീം.
മുന്നിലും പിന്നിലും മധ്യനിരയിലും തിളങ്ങി നിൽക്കുന്ന സംഘമാണ് ബ്ളാസ്റ്റേഴ്സ്. മറുഭാഗത്ത് ഗോവയ്ക്ക് ഇക്കുറി ആശാവഹമായ തുടക്കമായിരുന്നില്ല ലഭിച്ചത്. അടിച്ച 13 ഗോളിൽ പന്ത്രണ്ടും ഓപ്പൺ പ്ളേയിൽ നിന്നാണെന്ന കണക്കുകൾ മാത്രം മതി വുക്കൊമനോവിച്ചിന്റെ ടീമിന് ജയം പ്രതീക്ഷിക്കാൻ. വാസ്കസ്-ലൂണ-ഡയസ് ത്രയത്തിനൊപ്പം സഹൽ കൂടി ചേരുമ്പോൾ ടീം ലോകോത്തര നിലവാരമുള്ളതായി മാറുന്നു.
നിറംമങ്ങിയ പ്രകടനങ്ങൾക്കു നടുവിലാണെങ്കിലും ഗോവയ്ക്ക് ആശ്വാസം പകരുന്നത് ചരിത്രമാണ്. ഐഎസ്എലിൽ ബ്ളാസ്റ്റേഴ്സിന് എതിരായ കഴിഞ്ഞ 8 മൽസരങ്ങളിലും ഗോവ തോൽവി അറിഞ്ഞിട്ടില്ല. ഇരുടീമുകളും ജയത്തിനായി കിണഞ്ഞു ശ്രമിക്കുമ്പോൾ ഇന്ന് മികച്ചൊരു മൽസരം തന്നെ കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Read Also: അവഗണന തുടരുന്നു; സർക്കാരിനെതിരെ വീണ്ടും എൻഎസ്എസ്