പുതുച്ചേരി: തമിഴ്‌നാട്ടിലെ പുതുച്ചേരിയിൽ നിന്ന് രണ്ടു ദിവസം മുൻപ് കാണാതായ ഒമ്പതുവയസുകാരിയുടെ മൃതദേഹം നഗരത്തിലെ അഴുക്കുചാലിൽ നിന്ന് കണ്ടെത്തി. ചാക്കിനുള്ളിൽ കൈയും കാലും കെട്ടിയ നിലയിലായിരുന്നു മൃതദേഹം. പെൺകുട്ടിയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ ശേഷം ഓടയിൽ ഉപേക്ഷിച്ചുവെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തിൽ പ്രതികൾ പിടിയിലായിട്ടുണ്ട്.
ദുർഗന്ധം വമിച്ചതിനെ തുടർന്ന് ആളുകൾ പരാതിപ്പെട്ടതിന്റെ അടിസ്‌ഥാനത്തിലാണ് പോലീസ് സ്‌ഥലത്തെത്തി പരിശോധന നടത്തിയത്. തുടർന്നാണ് ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. പോസ്‌റ്റുമോർട്ടം നടപടികൾക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. റിപ്പോർട് ലഭിച്ചാൽ മാത്രമേ വിശദമായ കാര്യങ്ങൾ പുറത്തുവരികയുള്ളൂവെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്‌ചയാണ് അഞ്ചാം ക്ളാസ് വിദ്യാർഥിനിയെ കാണാതായത്. വൈകിട്ട് കളിക്കാൻ പോയ കുട്ടി പിന്നീട് തിരിച്ചുവന്നില്ല. മാതാപിതാക്കളും നാട്ടുകാരും മണിക്കൂറുകൾ നീണ്ട തിരച്ചിൽ നടത്തിയിട്ടും കുട്ടിയെ കണ്ടെത്താനായില്ല. പിന്നാലെ രാത്രി എട്ടുമണിയോടെ കുട്ടിയുടെ മാതാപിതാക്കൾ മുതിയാൽപേട്ട പോലീസിൽ പരാതി നൽകി. കഴിഞ്ഞ രണ്ടു ദിവസമായി പോലീസ് കുട്ടിക്കായി തിരച്ചിൽ നടത്തുകയായിരുന്നു.
ഇതിനിടെ, വീടിനടുത്തുള്ള റോഡിലൂടെ കുട്ടി കളിക്കാൻ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പിന്നീട് കുട്ടിയെ കുറിച്ച് യാതൊരു വിവരവും പോലീസിന് ലഭിച്ചിരുന്നില്ല. അതേസമയം, സംഭവത്തിൽ കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രതിഷേധം ശക്‌തമാവുകയാണ്.
കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് പ്രതിഷേധം. സംഭവത്തിൽ 18 വയസിന് താഴെയുള്ളവർ അടക്കം ആറുപേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതാകാനാണ് സാധ്യതയെന്ന് പോലീസ് അറിയിച്ചു.
Most Read| മൂന്നുവയസിന് മുൻപേ അന്തർദേശീയ അവാർഡുകൾ കരസ്‌ഥമാക്കി അഹദ് അയാൻ








































