ന്യൂഡെൽഹി: റഷ്യയുടെ ആക്രമണത്തെ തുടർന്ന് യുക്രൈനിൽ കൊല്ലപ്പെട്ട ഇന്ത്യൻ മെഡിക്കൽ വിദ്യാർഥി നവീൻ ശേഖരപ്പയുടെ മൃതദേഹം ഇന്ത്യയിലെത്തിച്ചു. വാർസോയിലെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ദുബായ് വഴിയാണ് ബെംഗളൂരുവിലത്തിച്ചത്. നവീനിന്റെ പിതാവ് വ്യക്‌തമാക്കിയത് പ്രകാരം ജൻമനാടായ ഹാവേരിയിൽ പൊതുദർശനത്തിന് വച്ച ശേഷം മൃതദേഹം മെഡിക്കൽ കോളേജിന് വിട്ടു നൽകും.
എയർ ഇന്ത്യ വിമാനത്തിൽ ഇന്ത്യയിലെത്തിച്ച മൃതദേഹം കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയാണ് ഏറ്റുവാങ്ങിയത്. കൂടാതെ നവീനിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കിയ കേന്ദ്രസർക്കാരിനും പ്രധാനമന്ത്രിയ്‌ക്കും ബൊമ്മെ നന്ദി പറയുകയും ചെയ്‌തു.
കഴിഞ്ഞ മാർച്ച് ഒന്നാം തീയതിയാണ് ഭക്ഷണം വാങ്ങാനായി വരി നിൽക്കുമ്പോൾ നവീൻ ശേഖരപ്പ റഷ്യയുടെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത്. യുക്രൈനിലെ ഹർകീവ് മെഡിക്കൽ സർവകലാശാലയിൽ നാലാം വർഷ വിദ്യാർഥിയായിരുന്നു നവീൻ.
Read also: ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രി ആരാകുമെന്ന് ഇന്നറിയാം; പ്രഖ്യാപനം വൈകീട്ട്







































