കണ്ണൂർ: തോട്ടടയിൽ ബോംബുമായി എത്തിയ സംഘം ‘പ്‌ളാൻ ബി’യും ആസൂത്രണം ചെയ്‌തിരുന്നതായി കണ്ടെത്തൽ. ബോംബ് പോയില്ലെങ്കിൽ വാൾ ഉപയോഗിച്ച് ആക്രമിക്കാനായിരുന്നു പദ്ധതി. ഇതനുസരിച്ച് ഒരു കാറിൽ നാലുപേർ വാളുകളുമായി വിവാഹവീടിന് സമീപം എത്തുകയും ഭീതി പരത്തുകയും ചെയ്‌തു. ഇവരെ നാലുപേരെയും എടക്കാട് പോലീസ് കസ്‌റ്റഡിയിൽ എടുത്തു. കാടാച്ചിറ സ്വദേശി സനാദ് അടക്കമുള്ളവരാണ് പിടിയിലായത്. ഇവർ വന്ന കാറും പോലീസ് പിടിച്ചെടുത്തു.
ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട കേസിൽ മിഥുൻ, അക്ഷയ്, ഗോകുൽ എന്നിവരാണ് അറസ്‌റ്റിലായത്. ഒളിവിലായിരുന്ന മിഥുൻ കഴിഞ്ഞ ദിവസമാണ് പോലീസിൽ കീഴടങ്ങിയത്. കേസിലെ മുഖ്യ സൂത്രധാരൻ മിഥുനാണെന്ന് പോലീസ് പറയുന്നു. ഇയാളാണ് ബോംബുണ്ടാക്കിയത്. ഗോകുൽ സഹായത്തിനുണ്ടായിരുന്നു എന്നും പോലീസ് വ്യക്‌തമാക്കി.
മിഥുനാണ് ബോംബ് പൊട്ടിയില്ലെങ്കിൽ വടിവാൾ ഉപയോഗിച്ച് ആക്രമിക്കണമെന്ന് പറഞ്ഞത്. ഇതുപ്രകാരം സുഹൃത്തായ സനാദിനെ ഫോണിൽ വിളിക്കുകയായിരുന്നു. ആയുധങ്ങളുമായി തോട്ടടയിൽ എത്തണമെന്ന മിഥുന്റെ നിർദ്ദേശ പ്രകാരമാണ് അക്രമികൾ എത്തിയത്.
വിവാഹവീട്ടിലെ തർക്കത്തെ തുടർന്ന് തോട്ടടയിലെ സംഘത്തെ നേരിടാൻ മിഥുനും കൂട്ടാളികളും വലിയ രീതിയിലുള്ള ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ. പ്‌ളാൻ ബി അടക്കം ആസൂത്രണം ചെയ്‌ത പ്രതികൾ വലിയ തോതിലുള്ള ആക്രമണത്തിനാണ് പദ്ധതിയിട്ടതെന്നും പോലീസ് കരുതുന്നു. വിവാഹ വീട്ടിൽ വെച്ചുണ്ടായ തർക്കം മാത്രമാണോ അതോ വൈരാഗ്യത്തിന് മറ്റ് കാരണങ്ങളുണ്ടോ എന്നും പോലീസ് അന്വേഷിക്കും.
Most Read: പീഡന പരാതി; ശ്രീകാന്ത് വെട്ടിയാർ പോലീസിൽ കീഴടങ്ങി








































