കണ്ണൂർ: മട്ടന്നൂരിൽ ബോംബ് സ്ഫോടനം നടന്ന് പത്ത് ദിവസം പിന്നിടുമ്പോഴും ബോംബിന്റെ ഉറവിടം കണ്ടെത്താനാകാതെ പോലീസ്. പരിസര പ്രദേശങ്ങൾ കേന്ദ്രീകരിച്ച് റെയ്ഡ് തുടരുകയാണെന്നാണ് പോലീസ് നൽകുന്ന വിവരം. കണ്ണൂരിൽ നടന്ന ബോംബ് സ്ഫോടനങ്ങളിൽ 80 ശതമാനത്തിലും പ്രതികളെ കണ്ടെത്താൻ പോലീസിനായിട്ടില്ല. ഇതിനെതിരെ വിമർശനങ്ങൾ ശക്തമാണ്.
ചാവശ്ശേരി- ഇരിട്ടി റോഡിൽ പതിനഞ്ച് ഇടനാളിൽ റെയ്ഡ് നടത്തിയതിനപ്പുറം മട്ടന്നൂരിൽ പൊട്ടിയ ബോംബ് വന്ന വഴി പോലീസ് കണ്ടെത്തിയിട്ടില്ല. കൊല്ലപ്പെട്ട അസം സ്വദേശികളായാണ് ശഹീദുളും പിതാവ് ഫസൽ ഹഖും ആക്രിപെറുക്കി ഉപജീവനം കണ്ടെത്താൻ വന്നവരാണ്. ആരുടെയോ ക്രൂരതക്ക് ഇരയാകേണ്ടി വന്ന ഇവർക്ക് നീതി ഉറപ്പാക്കണമെന്നാണ് ആവശ്യം.
ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും വന്ന് പോകുന്നതിൽ അവസാനിക്കുന്നു കണ്ണൂരിലെ മിക്ക ബോംബ് കേസുകളും. പൂർണ സമയ സുരക്ഷാ മേഖലയായ മുഖ്യമന്ത്രിയുടെ വീടിന് തൊട്ടടുത്ത് ബോംബ് പൊട്ടിയിട്ടും ഇന്നും അതിന് പിന്നിലെ പ്രതികളെ പിടികൂടാനായിട്ടില്ല. ഒഴിഞ്ഞ പറമ്പുകളിൽ ഒളിപ്പിക്കുന്ന ബോംബുകൾ കണ്ണൂരിൽ നിരപരാധികൾക്ക് പരിക്കേൽപ്പിച്ച സംഭവങ്ങൾ കുറവല്ല.
സമീപകാലത്ത് ആദ്യമായാണ് ബോംബ് പൊട്ടി രണ്ടുപേർ മരിക്കുന്നത്. ഈ ബോംബൊക്കെ ആരുണ്ടാക്കുന്നു എങ്ങനെ ഉണ്ടാക്കുന്നു എവിടെ സൂക്ഷിക്കുന്നു തുടങ്ങിയ കാര്യങ്ങൾ കാര്യക്ഷമമായ അന്വേഷണം നടക്കാത്തത് തന്നെയാണ് കണ്ണൂരിൽ ഇന്നും ബോംബ് രാഷ്ട്രീയം അവസാനിക്കാത്തതിന്റെ കാരണം.
Most Read: യുക്രൈനിലെ ഡിനിപ്രോയിൽ മിസൈൽ ആക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു





































