കോഴിക്കോട്: അതിർത്തി തർക്കത്തെ തുടർന്ന് പള്ളി കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിൽ വീട് ആക്രമിച്ച സംഭവത്തിൽ നടപടിയുമായി കോഴിക്കോട് കോർപറേഷൻ. തർക്ക പ്രദേശത്ത് സർവേ നടത്താനാണ് തീരുമാനം. കെട്ടിട നിർമാണ ചട്ടലംഘനം ചൂണ്ടിക്കാട്ടി കോർപറേഷൻ നോട്ടീസ് നൽകി രണ്ടര മാസം പിന്നിട്ടിട്ടും പള്ളി കമ്മിറ്റി മറുപടി നൽകിയിട്ടില്ല.
പള്ളിയോട് ചേർന്ന ശുചിമുറി ഉൾപ്പെടുന്ന കെട്ടിടത്തിൽ എക്സ്ഹോസ്റ്റ് ഫാൻ സ്ഥാപിച്ചതിനെതിരെ യെഹിയ എന്നയാൾ 2021ലാണ് കോർപറേഷന് പരാതി നൽകിയത്. തുടർന്ന് ശുചിമുറി ഉൾപ്പെടുന്ന കെട്ടിടം പൊളിച്ചുനീക്കാൻ കോർപറേഷൻ പള്ളി കമ്മിറ്റിക്ക് പ്രാഥമിക നോട്ടീസ് നൽകി. ഏഴ് ദിവസത്തിനകം നോട്ടീസിൽ തൃപ്തികരമായ മറുപടി ലഭിച്ചില്ലെങ്കിൽ നടപടികളിലേക്ക് കടക്കാമെന്നാണ് ചട്ടം. എന്നാൽ, രണ്ടര മാസം കഴിയുമ്പോഴും കോർപറേഷന്റെ ഭാഗത്ത് നിന്ന് നടപടികളൊന്നും ഉണ്ടായില്ല.
തർക്കം രൂക്ഷമാകുന്നതിനിടെ യെഹിയയുടെ വീട് കയറി അക്രമം നടത്തിയതിന് പിന്നാലെ സംഭവം വിവാദമായതോടെയാണ് കോർപറേഷന്റെ തിരക്കിട്ട നടപടി. തർക്കഭൂമി അടിയന്തരമായി അളന്നുതിട്ടപ്പെടുത്താൻ കോർപറേഷൻ സെക്രട്ടറി ഉടൻ നിർദ്ദേശം നൽകും. കെട്ടിടം പൊളിച്ച് നീക്കേണ്ടി വന്നാൽ ഇരുവിഭാഗത്തെയും വിളിച്ചുവരുത്തി ഹിയറിങ് നടത്തുമെന്നും കോർപറേഷൻ അധികൃതർ അറിയിച്ചു.
Most Read: നടിയെ ആക്രമിച്ച കേസ്; കൂടുതൽ സമയംതേടി പ്രോസിക്യൂഷൻ, കാവ്യയെ ചോദ്യം ചെയ്യും







































