കോഴിക്കോട്: വാഹന പരിശോധനയിൽ നിന്ന് ഒഴിവാക്കാൻ ലോറി ഉടമകളോട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്‌ഥൻ കൈക്കൂലി ചോദിക്കുന്ന ശബ്‌ദരേഖ പുറത്തായ സാഹചര്യത്തിൽ ഗതാഗത മന്ത്രിയുടെ ഇടപെടൽ. സംഭവത്തെ കുറിച്ച് ഗതാഗത കമ്മീഷണറോട് വിവരങ്ങൾ തേടിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഗതാഗത കമ്മീഷണറുടെ റിപ്പോർട് കിട്ടിയ ശേഷം തുടർ നടപടികൾ ഉണ്ടാവുമെന്നാണ് മന്ത്രിയുടെ പ്രതികരണം. അഴിമതിക്കാരായ ഉദ്യോഗസ്‌ഥരെ വകുപ്പിൽ തുടരാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് മോട്ടോർ വാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റ് എംവിഐ എന്ന് പരിചയപ്പെടുത്തുന്ന ഉദ്യോഗസ്‌ഥൻ താമരശ്ശേരിയിലെ ലോറി ഉടമയുമായി നടത്തിയ ഫോൺ സംഭാഷണമാണ് പുറത്തായത്. ഒരു ലോറിക്ക് 5000 രൂപ വെച്ച് മാസപ്പടി നൽകിയാൽ തന്റെ അധികാര പരിധിയിൽ വരുന്ന കൊടുവള്ളി മേഖലയിൽ ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാൻസ്‌പോർട് കമ്മീഷണറുടെ സ്‌ക്വാഡിന്റെ പരിശോധനയിൽ നിന്ന് വരെ ഒഴിവാക്കി തരാമെന്ന് പറയുന്നതാണ് ഓഡിയോയിൽ ഉള്ളത്.
അനധികൃതമായി ലോഡ് കടത്തിയാലും കണ്ണടക്കും. അഞ്ച് വണ്ടിയുള്ള ഉടമയോട് 25,000 രൂപ ചോദിക്കുകയും, 20,000ന് ഉറപ്പിക്കുകയും ചെയ്യുന്നത് ശബ്‌ദരേഖയിൽ വ്യക്‌തമാണ്. ഡീൽ ഉറപ്പിച്ചാൽ സമ്മർദ്ദമുണ്ടായാൽ പോലും മാസം ഒരു കേസ് മാത്രമേ അനധികൃത ലോഡുകൾക്ക് ചുമത്തുമെന്നും ഉദ്യോഗസ്‌ഥൻ പറയുന്നു. നടപടികൾ ഭയന്ന് ഇവർ പരസ്യപ്രതികരണത്തിന് തയ്യാറല്ല. അതേസമയം, ഉദ്യോഗസ്‌ഥൻ കൈക്കൂലി ചോദിച്ചെന്ന് പറഞ്ഞ് ലോറി ഉടമ ഒരാഴ്‌ച മുൻപ് ഡെപ്യൂട്ടി ട്രാൻസ്‌പോർട് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. എന്നാൽ, നടപടി എടുത്തില്ലെന്നാണ് ആരോപണം.
Most Read: പാർക്കിന് ടിപ്പു സുൽത്താന്റെ പേര്; പ്രതിഷേധവുമായി ബിജെപി, തീരുമാനം ആയിട്ടില്ലെന്ന് ശിവസേന







































