കാഞ്ഞങ്ങാട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസുമായി ബന്ധപ്പെട്ട് കെ സുന്ദര മജിസ്‌ട്രേട്ടിനു മുന്നിൽ രഹസ്യമൊഴി രേഖപ്പെടുത്തി. ബിജെപി സംസ്‌ഥാന അധ്യക്ഷനെതിരെ മഞ്ചേശ്വരത്തെ എൽഡിഎഫ് സ്‌ഥാനാർഥി വിവി രമേശനാണ് കോടതിയിൽ പരാതി നൽകിയത്. മുൻപ് പോലീസിനും ജില്ലാ ക്രൈം ബ്രാഞ്ചിനും നൽകിയ മൊഴിയിൽ ഉറച്ചു നിന്നെന്നും മൊഴി മാറ്റിയിട്ടില്ലെന്നും സുന്ദര പറഞ്ഞു.
തനിക്ക് പോലീസിന്റെയോ മറ്റാരുടെയെങ്കിലുമോ സമ്മർദമില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. ഇന്നലെ ഉച്ചക്ക് രണ്ടിന് ശേഷമാണ് സുന്ദര ഹോസ്‌ദുർഗ് ഫസ്‌റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് കോടതിയിൽ മൊഴി നൽകാനെത്തിയത്. മൊഴി രേഖപ്പെടുത്തൽ ഒരു മണിക്കൂറിലേറെ നീണ്ടു. സുന്ദരയെ ഇനിയും സ്വാധീനിക്കപ്പെടാൻ ഇടയുണ്ടെന്ന വിലയിരുത്തലിനെ തുടർന്നാണ് അന്വേഷണ സംഘം രഹസ്യമൊഴി രേഖപ്പെടുത്തിയത്.
സുന്ദരയുടെയും അദ്ദേഹം പണം നൽകിയ ബന്ധുവിന്റെയും മൊഴി ഇന്നലെ രേഖപ്പെടുത്തി. സുന്ദരയുടെ അമ്മ ഉൾപ്പടെ 3 പേരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. മൊഴി രേഖപ്പെടുത്തിയത് കേസിന് കൂടുതൽ ബലം നൽകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിശ്വാസം. കൂടുതൽ ബിജെപി നേതാക്കളെ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.
Also Read: മൂന്നാം തരംഗം കുട്ടികളെ ബാധിച്ചേക്കാം; ബോധവൽക്കരണം തുടങ്ങാൻ സർക്കാർ