കാസർഗോഡ്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ സുപ്രധാന വിധിയുമായി കാസർഗോഡ് ജില്ലാ സെഷൻസ് കോടതി. ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനടക്കം കേസിലെ എല്ലാ പ്രതികളെയും കോടതി കുറ്റവിമുക്‌തരാക്കി. കെ സുരേന്ദ്രൻ അടക്കം ആറ് പേരെയാണ് കേസിൽ പ്രതി ചേർത്തിരുന്നത്.
കേസ് കെട്ടിച്ചമച്ചതാണെന്നും പോലീസിന്റെ അന്തിമ റിപ്പോർട് നിയമപരമായി നിലനിൽക്കില്ലെന്നുമുള്ള സുരേന്ദ്രന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് ബിഎസ്‌പി സ്‌ഥാനാർഥിയായിരുന്ന കെ സുന്ദരയെ ഭീഷണിപ്പെടുത്തി നാമനിർദ്ദേശ പത്രിക പിൻവലിപ്പിച്ചതായാണ് കുറ്റപത്രത്തിൽ വ്യക്‌തമാക്കിയിരുന്നത്.
കെ സുന്ദരയയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ ശേഷം രണ്ടരലക്ഷം രൂപയും 15,000 രൂപയുടെ മൊബൈല്‍ ഫോണും കോഴ നൽകി നാമനിർദ്ദേശ പത്രിക പിൻവലിപ്പിച്ചു എന്നായിരുന്നു കേസ്. സുരേന്ദ്രന് പുറമെ യുവമോർച്ച മുൻ സംസ്‌ഥാന ട്രഷറർ സുനിൽസുരേഷ് നായിക്, ബിജെപി സംസ്‌ഥാന സമിതി അംഗം വി മണികണ്‌ഠ റൈ, ലോകേഷ് നോഡ എന്നിവരാണ് മറ്റു പ്രതികളായി കുറ്റപത്രത്തിൽ ഉണ്ടായിരുന്നത്.
ആസൂത്രിതമായി കെട്ടിച്ചമച്ച കേസാണെന്ന് കെ സുരേന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. എൽഡിഎഫിനായി മൽസരിച്ച സ്‌ഥാനാർഥി കൊടുത്ത കേസാണിത്. പിന്നീട് സുന്ദര കേസിൽ കക്ഷി ചേരുകയായിരുന്നു. വലിയ ഗൂഢാലോചന നടന്നു. സിപിഎം, കോൺഗ്രസ്, ലീഗ് നേതാക്കൾ ഗൂഢാലോചനയിൽ പങ്കാളികളാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
Most Read| ഡെങ്കിപ്പനി; ആഗോളപദ്ധതി വേണമെന്ന് ലോകാരോഗ്യ സംഘടന