കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ക്യാംപസ് അനിശ്‌ചിതകാലത്തേക്ക് അടച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ക്ളാസുകൾ ഉണ്ടായിരിക്കില്ല. ഹോസ്‌റ്റലുകളിൽ നിന്ന് വിദ്യാർഥികൾ ഉടൻ മാറണമെന്ന നിർദ്ദേശവും സർവകലാശാല അധികൃതർ നൽകിയിട്ടുണ്ട്.
സർവകലാശാല ഡിപ്പാർട്ട്മെന്റൽ സ്‌റ്റുഡന്റ്സ് യൂണിയൻ (ഡിഎസ്‌യു) തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനിടെ ഉണ്ടായ സംഘർഷങ്ങളുടെ പശ്‌ചാത്തലത്തിലാണ് നടപടി. ക്രമസമാധാനം പുനഃസ്‌ഥാപിക്കുന്നതിനും വിദ്യാർഥികളുടെ ജീവൻ സംരക്ഷിക്കുന്നതിനുമാണ് നടപടിയെന്ന് വൈസ് ചാൻസലർ ഡോ, പി. രവീന്ദ്രൻ അറിയിച്ചു.
കഴിഞ്ഞ ദിവസം ഡിഎസ്‌യു തിരഞ്ഞെടുപ്പിൽ വോട്ടെണ്ണലിനിടെ ഉണ്ടായ തർക്കമാണ് യുഡിഎസ്എഫ്- എസ്എഫ്ഐ സംഘർഷത്തിൽ കലാശിച്ചത്. ലാത്തിച്ചാർജിലുമായി 20ലേറെ പേർക്ക് പരിക്കേറ്റിരുന്നു. കല്ലേറിൽ പോലീസുകാർക്കും പരിക്കേറ്റിരുന്നു. റിട്ടേണിങ് ഓഫീസർ ഒപ്പിടാത്ത 25ഓളം ബാലറ്റ് പേപ്പറുകൾ പരിഗണിക്കരുതെന്ന് യുഡിഎസ്എഫ് പ്രവർത്തകർ ആവശ്യപ്പെട്ടപ്പോഴാണ് തർക്കം ഉടലെടുത്തത്.
ഇതോടെ വോട്ടെണ്ണൽ കുറച്ചുസമയം നിർത്തിവെച്ചു. യുഡിഎസ്എഫിന്റെ കൗണ്ടിങ് ഏജന്റുമാർ പെട്ടിയിൽ നിന്ന് ബാലറ്റ് പേപ്പറുകൾ വാരിയെറിഞ്ഞതായി ആരോപണമുയർന്നു. ഇത് തടയാൻ ശ്രമിച്ച എസ്എഫ്ഐയുടെ കൗണ്ടിങ് ഏജന്റിന് പരിക്കേറ്റു. ഇതോടെ, ഇരുവിഭാഗവും വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് ഇരച്ചുകയറി. സംഘർഷം രൂക്ഷമായതോടെ പോലീസ് ലാത്തിവീശുകയായിരുന്നു.
Most Read| സംസ്‌ഥാനത്ത് അതിശക്‌തമായ മഴ തുടരും, ഇടിമിന്നൽ മുന്നറിയിപ്പ്







































