തൃശൂർ: കേരളവർമ കോളേജ് യൂണിയൻ ചെയർമാൻ സ്‌ഥാനത്തേക്കുള്ള റീകൗണ്ടിങ്ങിൽ എസ്എഫ്ഐക്ക് ജയം. എസ്എഫ്ഐ സ്‌ഥാനാർഥി അനിരുദ്ധൻ മൂന്ന് വോട്ടിന് വിജയിച്ചു. ഫോട്ടോഫിനിഷിലേക്ക് നീങ്ങിയ വോട്ടെണ്ണലിൽ അവസാന നിമിഷത്തിലാണ് മൂന്ന് വോട്ടിന്റെ ഭൂരിപക്ഷത്തിൽ അനിരുദ്ധൻ വിജയിച്ചത്. കെഎസ്‌യു സ്‌ഥാനാർഥി ശ്രീക്കുട്ടൻ 889 വോട്ടും എസ്എഫ്ഐ സ്‌ഥാനാർഥി കെഎസ് അനിരുദ്ധൻ 892 വോട്ടും നേടി.
മാനദണ്ഡങ്ങൾ അനുസരിച്ചു വീണ്ടും വോട്ടെണ്ണാൻ ഹൈക്കോടതി നിർദ്ദേശം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ചെയർമാൻ സ്‌ഥാനാർഥികളും വിദ്യാർഥി സംഘടനാ പ്രതിനിധികളും യോഗം ചേർന്നാണ് വോട്ടെണ്ണൽ തീരുമാനിച്ചത്. കേരളവർമ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നെന്ന് ആരോപിച്ചു കെഎസ്‍യു ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു.
ആദ്യം ഒരു വോട്ടിന് ജയിച്ച ശേഷം റീകൗണ്ടിങ്ങിൽ യൂണിയൻ ചെയർമാൻ സ്‌ഥാനം നഷ്‌ടമായ കെഎസ്‌യു സ്‌ഥാനാർഥി എസ് ശ്രീക്കുട്ടൻ നൽകിയ ഹരജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്. വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു കെഎസ്‌യു ഹൈക്കോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച കോടതി, അസാധു വോട്ടടക്കം കൂട്ടിച്ചേർത്ത് എണ്ണിയതിൽ അപാകതയുണ്ടെന്ന് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ മാസം ഒന്നിനായിരുന്നു തിരഞ്ഞെടുപ്പ്. ആദ്യം വോട്ടെണ്ണിയപ്പോൾ ശ്രീക്കുട്ടന് 896 വോട്ടും എസ്എഫ്ഐയുടെ അനിരുദ്ധന് 895 വോട്ടുമായിരുന്നു ലഭിച്ചത്. തുടർന്ന് എസ്എഫ്ഐയുടെ ആവശ്യപ്രകാരം റീകൗണ്ടിങ് നടത്തുകയും അനിരുദ്ധൻ 11 വോട്ടിന് വിജയിച്ചതായി പ്രഖ്യാപിക്കുകയും ആയിരുന്നു.
Most Read| ബുദ്ധികേന്ദ്രം അനിതകുമാരി, കൃത്യം ആസൂത്രണം ചെയ്‌തത് പ്രതികൾ എല്ലാവരുംകൂടി