കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നിലെ ബുദ്ധികേന്ദ്രം മുഖ്യപ്രതി കെആർ പത്‌മകുമാറിന്റെ ഭാര്യ അനിത കുമാരിയെന്ന് പോലീസ്. കൃത്യം ആസൂത്രണം ചെയ്‌തത് പ്രതികൾ എല്ലാവരും കൂടിയാണ്. കുട്ടിയെ കാറിലേക്ക് പിടിച്ചുവലിച്ചു കയറ്റിയതും, വീട്ടിലേക്ക് വിളിച്ചു പണം ആവശ്യപ്പെട്ടതും കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചതും അനിത കുമാരിയാണെന്നാണ് പോലീസ് പറയുന്നത്.
കുട്ടി സുരക്ഷിതയെന്ന് ഉറപ്പിച്ച ശേഷമാണ് പ്രതികൾ ആശ്രാമം മൈതാനം വിട്ടുപോന്നത്. ലിങ്ക് റോഡിൽ നിന്ന് ഓട്ടോയിൽ കയറി ആശ്രാമം മൈതാനത്ത് കുട്ടിയെ എത്തിച്ചത് അനിതകുമാരിയാണ്. ഇവർക്ക് ഈ പരിസരം കൃത്യമായി അറിയാമായിരുന്നു. അതുപോലെതന്നെ പണം ആവശ്യപ്പെട്ടു കുട്ടിയുടെ അമ്മയെ വിളിച്ചതും അനിത കുമാരിയാണെന്ന് എഡിജിപി അജിത് കുമാർ വ്യക്‌തമാക്കി.
കുട്ടിയുമായി അനിത കുമാരി ഓട്ടോയിൽ കയറിയ സമയത്ത് മറ്റൊരു ഓട്ടോയിൽ പത്‌മകുമാറും ഇവരുടെ പിന്നാലെ ഉണ്ടായിരുന്നു. കുട്ടിയെ മൈതാനത്തെ ബെഞ്ചിലിരുത്തി കോളേജ് കുട്ടികൾ കണ്ടെന്ന് ഉറപ്പാക്കിയതിന് ശേഷമാണ് പ്രതികളായ പത്‌മകുമാറും അനിത കുമാരിയും മറ്റൊരു ഓട്ടോ വിളിച്ചു തിരികെ പോയത്. രണ്ടു ഓട്ടോകളിലായിട്ടാണ് ഇവർ ലിങ്ക് റോഡിൽ വന്നിറങ്ങിയത്. പിന്നീട് കാറിൽ വീട്ടിലേക്ക് മടങ്ങിപ്പോവുകയായിരുന്നു.
അതേസമയം, പ്രതികളെ ഈ മാസം 15 വരെ റിമാൻഡ് ചെയ്‌തു. ചാത്തന്നൂർ സ്വദേശി പത്‌മകുമാർ ഭാര്യാ അനിത കുമാരി, മകൾ അനുപമ എന്നിവരെയാണ് റിമാൻഡ് ചെയ്‌തത്. കൊടുത്തി മുറിക്കുള്ളിൽ യാതൊരു ഭാവവ്യത്യാസവും ഇല്ലാതെയാണ് പ്രതികൾ നിന്നത്. പ്രതികൾക്കായി രണ്ടു അഭിഭാഷകരാണ് ഹാജരായത്. അനിത കുമാരിയെയും അനുപമയെയും അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് എത്തിക്കും. പത്‌മകുമാറിനെ സബ് ജയിലിലേക്കും മാറ്റും.
പ്രതികളെ പോലീസ് കസ്‌റ്റഡിയിൽ ആവശ്യപ്പെട്ടിട്ടില്ല. തിങ്കളാഴ്‌ച കസ്‌റ്റഡി അപേക്ഷ നൽകുമെന്നാണ് സൂചന. തട്ടിക്കൊണ്ടുപോകൽ, തടവിലാക്കൽ, ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ജുവനൈൽ ജസ്‌റ്റിസ് പ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
Most Read| കൈകൾ ഇല്ലെങ്കിലെന്താ കരുത്തായി കാലുകളുണ്ട്; ലൈസൻസ് സ്വന്തമാക്കി ജിലുമോൾ