തൃശൂർ: കേരളവർമ കോളേജ് യൂണിയൻ ചെയർമാൻ സ്‌ഥാനത്തേക്കുള്ള റീകൗണ്ടിങ് ഇന്ന്. മാനദണ്ഡങ്ങൾ അനുസരിച്ചു വീണ്ടും വോട്ടെണ്ണാൻ ഹൈക്കോടതി നിർദ്ദേശം ഉണ്ട്. ചെയർമാൻ സ്‌ഥാനത്തേക്ക് എസ്എഫ്ഐയുടെ കെഎസ് അനിരുദ്ധിനെ വിജയിയായി പ്രഖ്യാപിച്ചത് ഹൈക്കോടതി റദ്ദാക്കുകയും ചെയ്‌തിരുന്നു. രാവിലെ ഒമ്പതിന് പ്രിൻസിപ്പലിന്റെ ചേംബറിലാണ് വോട്ടെണ്ണൽ.
പൂർണമായും വീഡിയോയിൽ പകർത്തിയാവും വോട്ടെണ്ണൽ നടക്കുക. കേരളവർമ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നെന്ന് ആരോപിച്ചു കെഎസ്‍യു ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു. ആദ്യം ഒരു വോട്ടിന് ജയിച്ച ശേഷം റീകൗണ്ടിങ്ങിൽ യൂണിയൻ ചെയർമാൻ സ്‌ഥാനം നഷ്‌ടമായ കെഎസ്‌യു സ്‌ഥാനാർഥി എസ് ശ്രീക്കുട്ടൻ നൽകിയ ഹരജിയിലാണ് എസ്‌എഫ്‌ഐക്ക് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്.
വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു കെഎസ്‌യു ഹൈക്കോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച കോടതി, അസാധു വോട്ടടക്കം കൂട്ടിച്ചേർത്ത് എണ്ണിയതിൽ അപാകതയുണ്ടെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസം ഒന്നിനായിരുന്നു തിരഞ്ഞെടുപ്പ്. ആദ്യം വോട്ടെണ്ണിയപ്പോൾ ശ്രീക്കുട്ടന് 896 വോട്ടും എസ്എഫ്ഐയുടെ അനിരുദ്ധന് 895 വോട്ടുമായിരുന്നു ലഭിച്ചത്. തുടർന്ന് എസ്എഫ്ഐയുടെ ആവശ്യപ്രകാരം റീകൗണ്ടിങ് നടത്തുകയും അനിരുദ്ധൻ 11 വോട്ടിന് വിജയിച്ചതായി പ്രഖ്യാപിക്കുകയും ആയിരുന്നു.
Related News| കേരളവർമയിൽ റീകൗണ്ടിങ്ങിന് ഉത്തരവിട്ടു ഹൈക്കോടതി; ചെയർമാന്റെ വിജയം റദ്ദാക്കി