ഒട്ടാവ: യുക്രൈനിൽ അധിനിവേശം തുടരുന്ന പശ്‌ചാത്തലത്തിൽ റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി നിരോധിച്ച് കാനഡ. പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്. റഷ്യയുടെ എണ്ണ കയറ്റുമതിയെ ഒരു പരിധിക്കപ്പുറം ആശ്രയിക്കാത്ത രാജ്യമാണ് കാനഡ. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് കാനഡ റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത്.
യുദ്ധം തുടരുന്ന സാഹചര്യത്തിൽ പല പാശ്‌ചാത്യ രാജ്യങ്ങളും റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തിയെങ്കിലും ക്രൂഡ് ഓയിൽ, പ്രകൃതി വാതകം എന്നിവയുടെ കയറ്റുമതി ഇപ്പോഴും റഷ്യയിൽ നിന്നും തുടരുന്നുണ്ട്. ലോകരാജ്യങ്ങളിൽ എണ്ണ നിർമാണത്തിൽ നാലാം സ്‌ഥാനത്താണ് കാനഡ. എങ്കിലും താരതമ്യേന ചെറിയ തോതിൽ ഇറക്കുമതിക്കായി റഷ്യയെ ആശ്രയിക്കുന്നുണ്ട്. എന്നാൽ യൂറോപ്യൻ യൂണിയനിൽ കാൽ ഭാഗവും റഷ്യയിൽ നിന്നുള്ള പെട്രോളിയം ഉൽപ്പന്നങ്ങളാണ് ഇറക്കുമതി ചെയ്യുന്നത്.
ഒപ്പം തന്നെ 40 ശതമാനത്തോളം പ്രകൃതി വാതകവും റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്നുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഊർജ ഉൽപാദന രാജ്യങ്ങളിൽ ഒന്നാണ് റഷ്യ. യുക്രൈന് മേൽ ആക്രമണം തുടങ്ങിയതിന് പിന്നാലെ റഷ്യക്ക് മേൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്‌തമായ ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് ക്രൂഡ് ഓയിൽ വില 4.6 ശതമാനം ഉയരുകയും ചെയ്‌തു.
Read also: റഷ്യയെ പ്രതിരോധിക്കാൻ 70 യുദ്ധ വിമാനങ്ങൾ യുക്രൈന് നൽകും; യൂറോപ്യൻ യൂണിയൻ









































