പാലക്കാട്: ചെർപ്പുളശ്ശേരി പൂന്തോട്ടം ആയുർവേദ ആശുപത്രിയിൽ നിന്ന് കഞ്ചാവ് കലർത്തിയ മരുന്നുകൾ പിടികൂടി. കഞ്ചാവ് ഉപയോഗിച്ച് മരുന്നുകൾ നിർമിക്കുന്നുവെന്ന പരാതിയെ തുടർന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് മരുന്നുകൾ പിടിച്ചെടുത്തത്. ഹിമാലയൻ ഹെമ്പ്, കന്നാറീലീഫ് ഓയിൽ, ഹെമ്പ് സീഡ് ഓയിൽ എന്നിവയിൽ കഞ്ചാവിന്റെ അംശം ഉണ്ടെന്നായിരുന്നു പരാതി.
സംഭവത്തിൽ ആയുർവേദ കേന്ദ്രത്തിനെതിരെ കേസെടുത്തു. മഹാരാഷ്ട്രയിൽ നിന്നാണ് വേദനസംഹാരിയായി ഉപയോഗിക്കുന്ന ഈ മരുന്നുകൾ എത്തിച്ചത്. കേരളത്തിൽ ഇവ ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്നാണ് എക്സൈസ് വിഭാഗം അറിയിക്കുന്നത്. പിടിച്ചെടുത്ത മരുന്നുകൾ പരിശോധനക്ക് അയക്കുമെന്നും ഫലം വരുന്ന മുറയ്ക്ക് അറസ്റ്റ് ഉണ്ടാകുമെന്നും എക്സൈസ് പറഞ്ഞു. എക്സൈസ് ഇന്റലിജൻസിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
ഡോ.പിഎംഎസ് രവീന്ദ്രനാഥിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് ചെർപ്പുളശ്ശേരി കളക്കാട്ട് പ്രവർത്തിക്കുന്ന പൂന്തോട്ടം ആയുർവേദ കേന്ദ്രം. വാഹനാപകടത്തിൽ മരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ സംഘം ഇവിടെ തെളിവെടുപ്പ് നടത്തിയിരുന്നു. ഡോ. രവീന്ദ്രൻ, ഭാര്യ ലത, മകൻ ജിഷ്ണു എന്നിവരിൽ നിന്ന് അന്ന് അന്വേഷണ സംഘം മൊഴി എടുത്തിരുന്നു.
Most Read: കരുതലോടെ ചൂടുകാലം; ദാഹമില്ലെങ്കിലും വെള്ളം കുടിക്കണമെന്ന് ആരോഗ്യവകുപ്പ്