കോഴിക്കോട്: ഒരുവർഷം മുൻപ് വടകരയിൽ വയോധികയുടെ മരണത്തിനിടയാക്കിയ കാറപകടത്തിലെ പ്രതി പോലീസ് കസ്‌റ്റഡിയിൽ. പുറമേരി മീത്തലെ പുനത്തിൽ ഷെജീലിനെ കോയമ്പത്തൂർ വിമാനത്താവളത്തിൽ വെച്ചാണ് പിടികൂടിയത്.
ദുബായിൽ നിന്ന് കോയമ്പത്തൂരിലെത്തിയ ഷെജീലിനെ വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഉദ്യോഗസ്‌ഥരാണ് കസ്‌റ്റഡിയിൽ എടുത്തത്. ഇയാളുടെ പേരിൽ പോലീസ് ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 2024 ഫെബ്രുവരി 17ന് രാത്രി ഒന്‍പതുമണിക്കുണ്ടായ അപകടത്തില്‍ തലശ്ശേരി പന്ന്യന്നൂര്‍ പഞ്ചായത്ത് ഓഫീസിനുസമീപം പുത്തലത്ത് ബേബി (68) എന്ന സ്‌ത്രീയാണ് മരിച്ചത്.
ഇവരുടെ മകളുടെ മകള്‍ ഒൻപതുവയസുകാരി ദൃഷാനക്ക് സാരമായി പരിക്കേറ്റു. അന്നുമുതല്‍ അബോധാവസ്‌ഥയിലാണ് ദൃഷാന. അപകടം സംഭവിക്കുമ്പോൾ കാർ ഓടിച്ചിരുന്ന ഷെജീലിനൊപ്പം ഭാര്യയും രണ്ടു കുട്ടികളും കാറിലുണ്ടായിരുന്നു. കോമ അവസ്‌ഥയിലായ ദൃഷാന ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയാണ്.
അപകടത്തിന് ശേഷം നിർത്താതെ പോയ വാഹനം ഒമ്പത് മാസത്തിന് ശേഷമാണ് പോലീസ് കണ്ടെത്തിയത്. അപകടത്തിന് കാരണക്കാരായ പ്രതി പിടിയിലാവുന്നത് ഒരുവർഷത്തിന് ശേഷവും. 200ഓളം വീഡിയോ ദൃശ്യങ്ങളും, 5 ജില്ലകളിലെ 500ഓളം വര്‍ക്ക് ഷോപ്പ്, ഒട്ടനേകം സ്‌പെയർ പാർട്‌സ് കടകളും, അരലക്ഷത്തോളം ഫോണ്‍ കോളുകളും, 19,000 കാറുകളുടെ വിവരങ്ങളും പരിശോധിച്ച പരമ്പരയുടെ അവസാനമാണ് ഗൾഫിലേക്ക് കടന്ന പ്രതിയെയും കാറിനേയും കണ്ടെത്തുന്നത്.
Most Read| ഇതൊരു ഒന്നൊന്നര ചൂര തന്നെ, ജപ്പാനിൽ വിറ്റത് റെക്കോർഡ് രൂപയ്‌ക്ക്