മട്ടന്നൂർ: കണ്ണൂർ ഉളിയിൽ കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. ഉളിക്കൽ സ്വദേശികളായ ബീന, ലിജോ എന്നിവരാണ് മരിച്ചത്. നാലുപേർക്ക് പരിക്കേറ്റു. പരിക്കേറ്റ എല്ലാവരുടെയും നില ഗുരുതരമാണ്. കർണാടക രജിസ്‌ട്രേഷൻ കാറാണ് അപകടത്തിൽപ്പെട്ടത്. ഉളിക്കൽ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്.
കാർ പൂർണമായും തകർന്ന നിലയിലാണ്. ഇന്ന് രാവിലെ എട്ടുമണിയോടെ സംസ്‌ഥാന പാതയിലെ മട്ടന്നൂർ- ഇരിട്ടി റൂട്ടിൽ ഉളിയിൽ പാലത്തിന് തൊട്ടടുത്താണ് അപകടം നടന്നത്. തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്നു സ്വകാര്യ ബസ്. കാർ ഇരിട്ടി ഭാഗത്തേക്കാണ് പോയിരുന്നത്. ബസ് സ്‌റ്റോപ്പിൽ നിർത്തിയ സമയത്ത് നിയന്ത്രണം വിട്ട കാർ ബസിലേക്ക് വന്നിടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
കാറിൽ ആറുപേരാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. അഗ്‌നിരക്ഷാ സേന എത്തിയാണ് കാറിനുള്ളിൽ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്. മട്ടന്നൂർ പോലീസും സ്‌ഥലത്തെത്തിയിട്ടുണ്ട്. പരിക്കേറ്റവരെയെല്ലാം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാറിൽ ഉണ്ടായിരുന്ന ആൽബിന്റെ കല്യാണം ഈ മാസം 11നായിരുന്നു നടത്താൻ നിശ്‌ചയിച്ചിരുന്നത്. വിവാഹ വസ്‌ത്രങ്ങൾ എടുക്കാൻ എറണാകുളം പോയി വരുന്ന വഴിയാണ് അപകടം.
Most Read| ഐഎസ്ആർഒ തലപ്പത്ത് വീണ്ടും മലയാളി; ഡോ. വി നാരായണനെ ചെയർമാനായി നിയമിച്ചു