ന്യൂഡെൽഹി: ഐഎസ്ആർഒ തലപ്പത്ത് വീണ്ടും മലയാളി. തിരുവനന്തപുരം വലിയമല ലിക്വിഡ് പ്രൊപ്പൽഷൻ സിസ്‌റ്റംസ് സെന്റർ (എൽപിഎസ്‌സി) ഡയറക്‌ടർ ഡോ. വി നാരായണനെ ഐഎസ്ആർഒ ചെയർമാനായി കേന്ദ്ര സർക്കാർ നിയമിച്ചു. ബഹിരാകാശ ശാസ്‌ത്ര വകുപ്പ് സെക്രട്ടറിയുടെയും സ്‌പേസ് കമ്മീഷൻ ചെയർമാൻ ചുമതലയും നാരായണനായിരിക്കും.
ഈ രണ്ടു ചുമതലകളും വഹിക്കുന്നവരാണ് സ്വാഭാവികമായി ഐഎസ്ആർഒ ചെയർമാൻ പദവിയും കൈകാര്യം ചെയ്യുന്നത്. ഐഎസ്ആർഒ ചെയർമാൻ സ്‌ഥാനത്ത് നിന്ന് ജനുവരി 14ന് വിരമിക്കുന്ന ഡോ. എസ് സോമനാഥിന് ശേഷം വി നാരായണൻ ചുമതലയേൽക്കും. രണ്ട് വർഷത്തേക്കാണ് വി നാരായണന്റെ നിയമനം. തമിഴ്‌നാട്ടിലെ കന്യാകുമാരി സ്വദേശിയാണ് വി നാരായണൻ.
എന്നാൽ, തിരുവനന്തപുരത്താണ് സ്‌ഥിര താമസം. വിക്ഷേപണ വാഹനങ്ങൾക്കായുള്ള ലിക്വിഡ്, സെമി ക്രയോജനിക്, ക്രയോജനിക് പ്രൊപ്പൽഷൻ സ്‌റ്റേജുകളുടെ വികസനത്തിൽ ഏർപ്പെട്ടിരിക്കുന്ന എൽപിഎസ്‌സിയുടെ ടെക്‌നോ മാനേജീരിയൽ ഡയറക്‌ടറാണ് അദ്ദേഹം. റോക്കറ്റ്& സ്‌പേസ് ക്രാഫ്റ്റ് പ്രൊപ്പൽഷൻ വിദഗ്‌ധനായ ഡോ. വി നാരായണൻ 1984ലാണ് ഐഎസ്ആർഒയിലെത്തുന്നത്.
വലിയ ബഹുമതിയാണ് പുതിയ സ്‌ഥാനമെന്ന് വി നാരായണൻ പറഞ്ഞു. വിക്രം സാരാഭായി അടക്കമുള്ള പ്രമുഖർ വഹിച്ച സ്‌ഥാനത്തേക്ക് പരിഗണിച്ചതിൽ രാജ്യത്തോട് നന്ദി പറയുന്നു. നിറയെ പരിപാടികൾ ഉള്ള സമയത്താണ് പുതിയ സ്‌ഥാനം. എല്ലാവരുടെയും പിന്തുണ വേണമെന്നും അദ്ദേഹം പറഞ്ഞു.
Most Read| കോടികളുടെ ആസ്‌തി; താമസം സ്‌റ്റോർ റൂമിന് സമാനമായ വീട്ടിൽ, സഞ്ചാരം സൈക്കിളിൽ