കാലിഫോർണിയ: എല്ലാ ദിവസവും രാവിലെ ജോലിക്കായി പോകുമ്പോൾ പാർക്കിങ് ഏരിയയിലെ കാറിൽ പ്രായമായ ഒരാൾ കിടന്ന് ഉറങ്ങുന്നത് സ്റ്റീവൻ നവ എന്ന യുവാവ് കാണാറുണ്ടായിരുന്നു. കുറച്ച് ആഴ്ചകൾക്ക് മുൻപാണ് സ്റ്റീവിന് അദ്ദേഹത്തെ മനസിലായത്; കാർ വീടാക്കി ജീവിക്കുന്നത് തന്റെ അധ്യാപകൻ ആണെന്ന് മസാലിയാക്കിയ സ്റ്റീവ് പിന്നെ അദ്ദേഹത്തെ അവിടെ ഉപേക്ഷിച്ച് പോയില്ല.
“കാറിൽ കിടന്നുറങ്ങുന്ന അദ്ദേഹത്തിന്റെ സാധനങ്ങളെല്ലാം ആ കാറിൽ ഉണ്ടെന്ന് ഞാൻ ശ്രദ്ധിച്ചു, അപ്പോഴാണ് അദ്ദേഹം ഭവനരഹിതനാണെന്ന് എനിക്ക് മനസിലായത്. അത് ഏതോ ഒരു ഭാവനരഹിതൻ അല്ലെന്നും തന്റെ മുൻ ഹൈസ്കൂൾ അധ്യാപകനായ ജോസ് വില്ലറുൽ ആണെന്നും ഞാൻ തിരിച്ചറിഞ്ഞു”-തെക്കൻ കാലിഫോർണിയയിലെ താമസക്കാരനായ സ്റ്റീവൻ നവ പറഞ്ഞു.
കഴിഞ്ഞ വർഷം കോവിഡ് പിടിമുറുക്കിയതോടെ സ്കൂൾ വെർച്വൽ സെഷനുകളിലേക്ക് കടന്നതിന് ശേഷം ജോലിയിൽ നിന്ന് മാറി നിന്ന അദ്ദേഹത്തിന് അന്ന് മുതൽ വീടും ഇല്ലാതായി. പിന്നീട് കാറിൽ ആയിരുന്നു അദ്ദേഹത്തിന്റെ താമസം.
തന്റെ അധ്യാപകനായിരുന്ന വില്ലറുലിന്റെ അവസ്ഥ മനസിലാക്കിയ സ്റ്റീവൻ അദ്ദേഹത്തിന് ഒരു ഹോട്ടൽ മുറി എടുത്ത് നൽകുകയും അത്യാവശ്യ കാര്യങ്ങൾക്കായി 300 യുഎസ് ഡോളർ നൽകുകയും ചെയ്തു. ‘സാമൂഹ്യ സുരക്ഷാ പരിശോധന’ വഴി മാസത്തിൽ കിട്ടുന്ന തുച്ഛമായ തുക മാത്രമാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ വരുമാനം. അതിൽ ഏറിയ പങ്കും മെക്സിക്കോയിൽ അസുഖം ബാധിച്ച് കിടക്കുന്ന ഭാര്യക്ക് അയച്ചു നൽകുകയും ചെയ്യും.
ഇത്രയേറെ പ്രയാസത്തിലും മനോധര്യം കൈവിടാൻ വില്ലറുൽ തയ്യാറല്ല. താൻ ജീവിതത്തോട് പൊരുതുമെന്നും ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞതായി സ്റ്റീവൻ പറയുന്നു.
ഇതെല്ലാം കേട്ടതിന് ശേഷം തന്റെ അധ്യാപകനെ തനിച്ചു വിടാൻ സ്റ്റീവൻ തയ്യാറായില്ല. അധ്യാപകനെ സഹായിക്കുന്നതിനായി ട്വിറ്ററിലൂടെ സഹായം അഭ്യർഥിച്ചു, ‘ഗോ ഫണ്ട് മീ’ കാംപയിനും ആരംഭിച്ചു. ഇതിലൂടെ 27,000 ഡോളറിൽ അധികം സമാഹരിച്ചു.
വില്ലറുലിന്റെ 77ആം ജൻമദിനത്തിൽ സ്റ്റീവനും മറ്റ് പൂർവ വിദ്യാർഥികളും ചേർന്ന് അദ്ദേഹത്തിന് ഒരു പാർട്ടി നൽകുകയും 27,000 ഡോളറിന്റെ ചെക്ക് കൈമാറുകയും ചെയ്തു. താൻ സ്വപ്നം കാണുകയാണോ എന്നായിരുന്നു ഇത് കണ്ട വില്ലറുലിന്റെ പ്രതികരണം.
“ഇത് എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു അനുഭവമാണ്, അത് എന്റെ ജീവിതകാലം മുഴുവൻ ഓർത്തുവെക്കും. ഞാൻ ഇത് എന്റെ ഹൃദയത്തിൽ വഹിക്കുന്നു,”- വില്ലറുൽ പറഞ്ഞു.
Also Read: കടൽ തീരത്ത് കുസൃതിയുമായി രണ്ട് വളർത്തു നായകൾ; വീഡിയോ കാണാം








































