കൊച്ചി: കോൺഗ്രസിന്റെ റോഡ് ഉപരോധം ചോദ്യം ചെയ്തതിനെ തുടർന്ന് തന്റെ കാർ അടിച്ചു തകർത്ത സംഭവത്തിൽ നിയമ നടപടികളുമായി മുന്നോട്ട് പോകാൻ നടൻ ജോജു ജോർജിന്റെ തീരുമാനം. കേസിൽ കക്ഷി ചേരുന്നതിനായി ജോജു എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി. വ്യക്തി അധിക്ഷേപം തുടരുന്നത് കോടതി ഇടപെട്ട് തടയണമെന്ന് ജോജുവിന്റെ അപേക്ഷയിൽ പറയുന്നു.
നടൻ ജോജു ജോർജും കോൺഗ്രസും തമ്മിലുള്ള തർക്കം ഒത്തുതീർപ്പിലേക്കെന്ന് ഇന്നലെ വാർത്ത വന്നിരുന്നു. പ്രശ്നം പരിഹരിക്കാൻ മുതിർന്ന കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തിയെന്ന് എറണാകുളം ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് പറഞ്ഞിരുന്നു.
പ്രശ്നം രമ്യമായി തീരുമെന്നാണ് പ്രതീക്ഷയെന്നും പെട്ടെന്നുള്ള പ്രകോപനത്തിന്റെ പേരിലുണ്ടായ തർക്കത്തിലെ കേസ് തുടരാൻ ജോജുവും താൽപര്യം പ്രകടിപ്പിക്കുന്നില്ലെന്നും ആയിരുന്നു ഷിയാസ് പറഞ്ഞത്. ജോജുവിന്റെ സുഹൃത്തുക്കളും കോൺഗ്രസ് നേതാക്കളും പ്രശ്ന പരിഹാരത്തിനായി ചർച്ചകൾ നടത്തിയെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞിരുന്നു. എന്നാൽ, നിയമ നടപടിയിൽ നിന്ന് പിൻമാറാൻ ജോജു തയ്യാറല്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ജോജുവിന്റെ കാർ തകർത്ത കേസിൽ ഇതുവരെ ഒരു പ്രതിയെ മാത്രമാണ് പിടികൂടിയിട്ടുള്ളത്. ബാക്കി പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. പ്രതികൾ ഒളിവിൽ ആയതിനാൽ മൊബൈൽ ടവർ കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടത്തുന്നത്. മുൻ മേയർ ടോണി ചമ്മണി ഉൾപ്പടെ എട്ട് പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എട്ട് പേർക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തത്.
Most Read: കെഎസ്ആർടിസിയെ അവശ്യ സർവീസാക്കുന്നത് പരിഗണനയിൽ; ഗതാഗത മന്ത്രി








































