ബത്തേരി: ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയും പുൽപ്പള്ളിയിലെ റൗഡിലിസ്‌റ്റിൽ ഉൾപ്പെട്ടയാളുമായ അമരക്കുനി ഷിജു (44) പോലീസ് പിടിയിലായി. കൽപ്പറ്റ, സുൽത്താൻബത്തേരി, കേണിച്ചിറ, പുൽപ്പള്ളി സ്‌റ്റേഷനുകളിലായി 13 കേസുകളിലെ പ്രതിയാണ് കോടാലി ഷിജു. വധശ്രമം, പോലീസിനെ ആക്രമികൾ, ആയുധം കൈവശം വെക്കൽ, മയക്കുമരുന്ന് കൈവശം വെക്കൽ, ആനയെ വെടിവെച്ചുകൊന്ന കേസ് തുടങ്ങി ഒട്ടേറെ കേസുകളിലെ പ്രതിയാണ് ഷിജുവെന്ന് പോലീസ് പറഞ്ഞു.
ഭാര്യയെ ആക്രമിച്ച കേസിൽ വധശ്രമത്തിന് കേസെടുത്താണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. വ്യാഴാഴ്‌ച പുലർച്ചെ രണ്ടരയോടെയാണ് ഭാര്യ പ്രസീതയെ (44) ഷിജു ആക്രമിച്ചത്. കഴിഞ്ഞ നാല് വർഷമായി ഗൾഫിൽ ജോലി ചെയ്യുന്ന പ്രസീത ഈ മാസം പത്തിനാണ് നാട്ടിലെത്തിയത്. കൽപ്പറ്റ അമ്പിലേരിയിലെ ആലക്കൽ അപാർട്‌മെന്റിലെ താമസ സ്‌ഥലത്തുവെച്ചാണ് യുവതിക്ക് നേരെ വധശ്രമം നടന്നത്.
അന്നേ ദിവസം രാത്രി എട്ട് മണിവരെ ഷിജു വീട്ടിലുണ്ടായിരുന്നു. പിന്നീട് പുൽപ്പള്ളിയിലെ വീട്ടിലേക്ക് പോയി. ഇതിനിടെ ഫോണിൽ വിളിച്ച് സംസാരിക്കുന്നതിനിടെ ഇരുവരും വാക്കുതർക്കമുണ്ടായി. തുടർന്ന് അമ്പിലേരിയിൽ തിരിച്ചെത്തിയ ഷിജു പ്രസീതയെ ആക്രമിക്കുകയായിരുന്നു. യുവതിക്ക് തലക്കും കൈക്കുമാണ് വെട്ടേറ്റത്. അഞ്ച് വർഷം മുൻപ് ഭാര്യയെ ആക്രമിച്ച് വാരിയെല്ലൊടിച്ചതിനും ഇയാൾക്കെതിരെ കേസുണ്ടെന്ന് പോലീസ് പറഞ്ഞു. കൽപ്പറ്റ പോലീസാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Most Read: കോഴിക്കോട് ബീച്ചിലേക്ക് ഇന്ന് അഞ്ച് മണിമുതൽ പ്രവേശനമില്ല








































