തിരുവനന്തപുരം: അപകടത്തിൽ പെടുന്ന ആളുകളെ രക്ഷിക്കുന്നവർക്കായി ക്യാഷ് അവാർഡ് പ്രഖ്യാപിച്ച് സംസ്‌ഥാന പോലീസ് മേധാവി. അപകടത്തിനിരയായ ആളുകളെ ഒരു മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യസഹായം ഉറപ്പാക്കുന്ന ആളുകളാണ് അവാർഡിന് അർഹരാകുക. ഇത്തരത്തിൽ സഹായമെത്തിക്കുന്ന ആളുകളുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ച് യോഗ്യത ഉറപ്പ് വരുത്തിയതിനുശേഷമാകും ക്യാഷ് പ്രൈസുകള്‍ നല്‍കുക.
അപകടത്തിൽ പെട്ട ആളുകൾക്ക് സഹായമെത്തിക്കുന്ന സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ആശുപത്രിയിലെ ഡോക്‌ടറെ ബന്ധപ്പെട്ട് പോലീസ് വിശദവിവരങ്ങള്‍ ശേഖരിച്ച് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്‍റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പ്രകാരം അവാര്‍ഡിനുള്ള അര്‍ഹതയുണ്ടോ എന്ന് പരിശോധിക്കും. തുടർന്ന് ഉണ്ടെന്നു ബോധ്യപ്പെട്ടാല്‍ അക്കാര്യം നിശ്‌ചിത മാതൃകയില്‍ ജില്ലാതല അപ്രൈസല്‍ കമ്മിറ്റി അധ്യക്ഷന്‍ കൂടിയായ ജില്ലാ കളക്‌ടറെ അറിയിക്കും. ജില്ലാതല അപ്രൈസല്‍ കമ്മിറ്റി ഇത്തരം ശുപാര്‍ശകള്‍ എല്ലാമാസവും പരിശോധിച്ച് അര്‍ഹമായവ ഗതാഗത കമ്മീഷണര്‍ക്ക് അയച്ചുകൊടുക്കും. അര്‍ഹരായവര്‍ക്ക് ഗതാഗത കമ്മീഷണറാണ് ക്യാഷ് അവാര്‍ഡ് നല്‍കുന്നത്.
കൂടാതെ മൂന്ന് മാസത്തിലൊരിക്കൽ പദ്ധതിയുടെ നടത്തിപ്പ് വിലയിരുത്താനായി രൂപീകരിച്ച സംസ്‌ഥാനതല നിരീക്ഷണസമിതി യോഗം ചേരുകയും, ഏറ്റവും സ്‌തുത്യര്‍ഹമായ രക്ഷാപ്രവര്‍ത്തനം കാഴ്‌ചവെച്ച മൂന്നുപേരെ ദേശീയ അവാര്‍ഡിന് പരിഗണിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിലേക്ക് നാമനിര്‍ദ്ദേശം ചെയ്യുകയും ചെയ്യും.
Read also: ഉംറ അനുമതിയിൽ നിയന്ത്രണം; ഇതുവരെ നിർവഹിക്കാത്ത ആളുകൾക്ക് മാത്രം അനുമതി