തിരുവനന്തപുരം: ഗുണ്ടാ-ലഹരി സംഘങ്ങളുമായി ബന്ധം പുലർത്തുന്ന പോലീസ് ഉദ്യോഗസ്‌ഥർക്ക് എതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്ന് സംസ്‌ഥാന പോലീസ് മേധാവി അനിൽകാന്ത്. ഇക്കാര്യത്തിൽ റാങ്ക് വ്യത്യാസം ഇല്ലാതെ നടപടി ഉണ്ടാകുമെന്നും സംസ്‌ഥാന പോലീസ് മേധാവി അറിയിച്ചു. ഇന്ന് ചേർന്ന ഉന്നത പോലീസ് ഉദ്യോഗസ്‌ഥരുടെ യോഗത്തിലാണ് ഡിജിപി ഇക്കാര്യങ്ങൾ വ്യക്‌തമാക്കിയത്.
ഗുണ്ടാ-ലഹരി സംഘങ്ങളുമായി ബന്ധം പുലർത്തുന്ന പോലീസ് ഉദ്യോഗസ്‌ഥർക്ക് എതിരെ സമയബന്ധിതമായി നടപടി വേണം. ഇക്കാര്യത്തിൽ ഡിഐജിമാരും എസ്‌പിമാരും വീഴ്‌ച വരുത്താതെ നടപടി സ്വീകരിക്കണം. എല്ലാ ആഴ്‌ചയും എസ്‌പിമാർ ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്‌ഥരുടെ യോഗം വിളിക്കണം. ഗുണ്ടകളുമായി ബന്ധമുള്ളവരുടെ വിവരം പോലീസ് ആസ്‌ഥാനത്ത് നൽകണം. ഇതിൽ കൃത്യമായ നിയമോപദേശം തേടി നടപടി എടുക്കുമെന്നും ഡിജിപി വ്യക്‌തമാക്കി.
ഇന്നത്തെ യോഗത്തിൽ ഓരോ ജില്ലയിലും നടത്തിയ ഗുണ്ടാ വിരുദ്ധ പ്രവർത്തനങ്ങളെ സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിമാർ റിപ്പോർട് അവതരിപ്പിച്ചു. എന്നാൽ, ഗുണ്ടകളെ കുറിച്ച് വിവര ശേഖരണത്തിൽ ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ചുകൾ വീഴ്‌ച വരുത്തിയിട്ടുണ്ടെന്നാണ് സർക്കാർ വിലയിരുത്തൽ. ഗുണ്ടകളെ അമർച്ച ചെയ്യാൻ സംസ്‌ഥാന വ്യാപകമായി ‘ഓപ്പറേഷന് ആഗ്’ നടപ്പിലാക്കിയെങ്കിലും പല ഗുണ്ടാ നേതാക്കളും പിടിയിലായിട്ടില്ലെന്നും യോഗം വിലയിരുത്തി.
പോലീസിലെ ക്രിമിനലുകൾക്ക് എതിരെ പിരിച്ചുവിടൽ ഉൾപ്പടെയുള്ള നടപടി തുടങ്ങിയെങ്കിലും പോലീസ് സംഘടനകളുടെ കടുത്ത എതിർപ്പിനെ തുടർന്ന് തുടക്കത്തിൽ കൈക്കൊണ്ട ആവേശം ഇപ്പോൾ പോലീസ് ആസ്‌ഥാനത്തുമില്ല. നിലവിൽ എടുത്തിട്ടുള്ള വകുപ്പുതല നടപടികളെ ചോദ്യം ചെയ്‌ത് ചില ഉദ്യോഗസ്‌ഥർ കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിൽ എന്താണ് കോടതിയുടെ നിലപാട് എന്നുകൂടി അറിഞ്ഞതിന് ശേഷമായിരിക്കും മുന്നോട്ടുള്ള നടപടികളെന്ന് ഉന്നത ഉദ്യോഗസ്‌ഥർ യോഗത്തിൽ അറിയിച്ചു.
അതേസമയം, സാമ്പത്തിക തട്ടിപ്പുകാരുടെ സ്വത്തു കണ്ടെത്താൻ എസ്‌എച്ച്‌ഒമാർക്ക് അധികാരം നൽകുന്ന ബഡ്‌സ് നിയമം കേരളത്തിൽ ഫലപ്രദമായി നടപ്പിലാക്കുന്നില്ലെന്ന് യോഗം വിലയിരുത്തി. സാമ്പത്തിക തട്ടിപ്പുകാർ കൂടുന്ന സാഹചര്യത്തിൽ ബഡ്‌സ് നിയമം നടപ്പിലാക്കുന്നതിനെ കുറിച്ചും യോഗം ചർച്ച ചെയ്‌തു. സാമ്പത്തിക തട്ടിപ്പ് കേസുകളിൽ ബഡ്‌സ് നിയമം ഫലപ്രദമായി നടപ്പിലാക്കി ഇരകൾക്ക് നഷ്‌ടപരിഹാരം ലഭ്യമാക്കാൻ എസ്‌എച്ച്‌ഒമാർ ശ്രമിക്കണമെന്നും യോഗത്തിൽ ഡിജിപി ആവശ്യപ്പെട്ടു.
Most Read: കോടതി ഉത്തരവ് പ്രാദേശിക ഭാഷയിൽ; മലയാളത്തിൽ വിധി എഴുതി ഹൈക്കോടതി