കൊച്ചി: ഇടുക്കിയിലെ അരിക്കൊമ്പൻ ദൗത്യവുമായി ബന്ധപ്പെട്ട് ആശങ്ക അറിയിച്ചു ഹൈക്കോടതി. അരിക്കൊമ്പനെ മാറ്റിയാൽ പ്രശ്നം തീരുമോയെന്നായിരുന്നു കേസ് പരിഗണിച്ച ഡിവിഷൻ ബെഞ്ചിന്റെ ചോദ്യം. ഇന്ന് അരിക്കൊമ്പൻ ആണെങ്കിൽ നാളെ മറ്റൊരാന ആ സ്ഥാനത്തേക്ക് വരുമെന്ന് പറഞ്ഞ കോടതി, വിഷയത്തിൽ ശാശ്വത പരിഹരണമാണ് വേണ്ടതെന്ന് സർക്കാരിന് നിർദ്ദേശം നൽകി. അഞ്ചംഗ വിദഗ്ധ സമിതിയെ വെച്ച് തീരുമാനം എടുക്കാമെന്നും കോടതി അറിയിച്ചു.
അരിക്കൊമ്പനെ ഉടൻ പിടികൂടണമെന്ന് സർക്കാർ കോടതിയുടെ ആവശ്യപ്പെട്ടു. എന്നാൽ, ആനകളെ പിടികൂടുന്നതിന് മാർഗരേഖ വേണമെന്ന് കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. ആനയുടെ ആക്രമണം തടയാൻ എന്ത് നടപടികൾ സ്വീകരിച്ചുവെന്നും കോടതി സർക്കാരിനോട് ചോദിച്ചു. ആനയെ പിടികൂടുക എന്നത് പരിഹാരമല്ല. ആനയെ പിടികൂടി കൂട്ടിലടച്ചിട്ട് എന്ത് കാര്യമെന്നും പിടികൂടിയിട്ട് പിന്നെ എന്ത് ചെയ്യുമെന്നും കോടതി ചോദിച്ചു.
പിടികൂടിയ ആനയെ കോടനാട് ആന പരിശീലന കേന്ദ്രത്തിലേക്ക് മാറ്റാമെന്ന് സർക്കാർ മറുപടി നൽകിയപ്പോൾ സ്വാഭാവിക ആവാസവ്യവസ്ഥ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് അറിയുമോ എന്നായിരുന്നു കോടതിയുടെ ചോദ്യം. കാട്ടാനയെ അവിടെ നിന്ന് മാറ്റിയാൽ പ്രശ്നം തീരുമോയെന്ന് ചോദിച്ച കോടതി, ഈ പ്രത്യേക സാഹചര്യത്തിൽ കോളനിയിൽ ഉള്ളവരെ മാറ്റിപ്പാർപ്പിക്കുന്നതല്ലേ ഉചിതമെന്നും നിരീക്ഷിച്ചു.
കൊടും വനത്തിൽ ആളുകളെ പാർപ്പിച്ചതാണ് പ്രശ്നത്തിന് കാരണം. വിഷയത്തിൽ വിദഗ്ധ സമിതിയെ നിയമിക്കാം. അരിക്കൊമ്പനെ പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ചു വിടാനും വനംവകുപ്പ് ഉദ്യോഗസ്ഥർ മൂന്നാറിൽ തുടരട്ടെയെന്നും കോടതി നിർദ്ദേശിച്ചു. പ്രദേശത്ത് ജാഗ്രത തുടരട്ടെയെന്നും കോടതി അറിയിച്ചു. എന്നാൽ, അരിക്കൊമ്പൻ മൂലം ജനങ്ങൾ ഭീതിയിലാണെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ ഹൈക്കോടതിയെ അറിയിച്ചു.
Most Read: ഹെൽത്ത് കാർഡ്; ഏപ്രിൽ ഒന്ന് മുതൽ നിർബന്ധമെന്ന് ആരോഗ്യമന്ത്രി








































