ലഖ്നൗ: സ്വകാര്യ മെഡിക്കല്‍ കോളേജിനായി അനുകൂല വിധി പറയാന്‍ കൈക്കൂലി വാങ്ങിയ കേസില്‍ അലഹബാദ് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് നാരായണ്‍ ശുക്ളക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. മെഡിക്കല്‍ കോളേജിലെ വിദ്യാർഥി പ്രവേശനം സര്‍ക്കാര്‍ തടഞ്ഞപ്പോള്‍ മാനേജ്മെന്റിന് അനുകൂലമായി വിധി പറയാന്‍ ജഡ്ജി കൈക്കൂലി വാങ്ങിയ കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
യുപിയിലെ പ്രസാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ആവശ്യമായ സൗകര്യങ്ങളില്ലെന്ന കാരണത്താല്‍ രണ്ട് വര്‍ഷത്തേക്ക് കുട്ടികളെ പ്രവേശിപ്പിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. 2017 ഏപ്രില്‍ 24ന് അലഹബാദ് ഹൈക്കോടതിയില്‍ പ്രസാദ് ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് ഹരജി സമര്‍പ്പിച്ചു. സുപ്രിം കോടതിയുടെ വിധി മറികടന്ന് മാനേജ്മെന്റിന് അനുകൂലമായി ജസ്റ്റിസ് ശുക്ള വിധി പുറപ്പെടുവിച്ചു.
തുടര്‍ന്ന് ഇക്കാര്യം അന്വേഷിക്കാന്‍ മഹാരാഷ്ട്ര ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്കെ അഗ്നിഹോത്രി, മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പികെ ജെയ്സ്വാള്‍ തുടങ്ങിയവരെ സുപ്രീം കോടതി നിയോഗിക്കുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തില്‍ ജസ്റ്റിസ് ശുക്ള കുറ്റക്കാരനാണെന്ന് കണ്ടെത്തി.
ജസ്റ്റിസ് ശുക്ളയെ കൂടാതെ മുന്‍ ജഡ്ജി ഐഎം ഖുദ്ദുസി, പ്രസാദ് എഡ്യൂക്കേഷന്‍ ട്രസ്റ്റിന്റെ പ്രസാദ് യാദവ്, പലാഷ് യാദവ്, ഭാവന പാണ്ഡെ, സുധീര്‍ ഗിരി എന്നിവർക്ക് എതിരെയും കേസെടുത്തിരുന്നു.
Read also: കർഷക നേതാവ് ഗുര്‍നാം ഛാദുനി രാഷ്ട്രീയത്തിലേക്ക്; പാർട്ടി പ്രഖ്യാപനം നാളെ





































